അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാന അപകടവുമായി ബന്ധപ്പെട്ട അന്വേഷണ നീക്കത്തിൽ പ്രതിഷേധിച്ച് പൈലറ്റുമാരുടെ സംഘടന. അന്തരിച്ച ക്യാപ്റ്റൻ സുമീത് സബർവാളിന്റെ അനന്തരവൻ ക്യാപ്റ്റൻ വരുൺ ആനന്ദിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നടപടിക്കെതിരെയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.

നടപടി തീർത്തും അനാവശ്യവും അവഹേളനവുമാണെന്ന് ആരോപിച്ച പൈലറ്റുമാരുടെ സംഘടന എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോക്ക് വക്കീൽ നോട്ടീസ് അയച്ചു.

എയർ ഇന്ത്യയിലെ തന്നെ പൈലറ്റായ ക്യാപ്റ്റൻ വരുൺ ആനന്ദിനോട് ജനുവരി 15-ന് ഹാജരാകാനാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിളിപ്പിച്ചതെന്നോ, ഈ അന്വേഷണത്തിൽ അദ്ദേഹത്തിന് എന്ത് പ്രസക്തിയാണുള്ളതെന്നോ നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ലെന്ന് പൈലറ്റുമാരുടെ സംഘടന ചൂണ്ടിക്കാട്ടി.