ഉക്രൈനിലെ അതിശൈത്യത്തിൽ കഷ്ടപ്പെടുന്നവർക്ക് സഹായമെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. ഉക്രൈനിലേക്ക് 80 വൈദ്യുതി ജനറേറ്ററുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് പാപ്പ എത്തിക്കുന്നത്. റോമിലെ സെന്റ് സോഫിയ ബസിലിക്കയിൽ നിന്നാണ് ഉക്രൈനിലേക്ക് സഹായവുമായി വാഹനങ്ങൾ പുറപ്പെട്ടത്.

പോൾ ആറാമൻ ഹാളിൽ സംസാരിച്ചപ്പോൾ നിരവധി രൂപതകളിൽ നിന്നും പ്രത്യേകിച്ച് പോളണ്ടിൽ നിന്നും ഉയർന്നുവന്ന നിരവധി ഐക്യദാർഢ്യ സംരംഭങ്ങൾക്ക് മാർപാപ്പ നന്ദി പ്രകടിപ്പിച്ചു. ആ അഭ്യർഥന ഇപ്പോൾ ഡിക്കാസ്റ്ററി ഫോർ ദി സർവീസ് ഓഫ് ചാരിറ്റി വഴി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. പാപ്പയുടെ അഭ്യർഥനപ്രകാരം 80 വൈദ്യുതി ജനറേറ്ററുകൾ വഹിക്കുന്ന മൂന്ന് ലോറികൾ ഉക്രൈനിലേക്ക് അയച്ചിട്ടുണ്ട്.

യുദ്ധം മൂലമുണ്ടായ കഷ്ടപ്പാടുകളിൽ പ്രത്യേകിച്ച് അതിശൈത്യം മൂലമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സഹായം അഭ്യർഥിച്ച നിരവധി ബിഷപ്പുമാരുടെ ആവശ്യങ്ങൾക്കും പരിഹാരമാകും. രാത്രികാല താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസായി താഴുന്നു. അതേസമയം, പകൽ താപനില മൈനസ് 10 നും മൈനസ് 12 ഡിഗ്രിക്കും ഇടയിലാണ്. അതിശൈത്യം മൂലം നിരവധി ആളുകൾ വീടുകൾ വിട്ട് പോകാൻ നിർബന്ധിതരായിട്ടുണ്ട്. ജനറേറ്ററുകൾക്കൊപ്പം, ആന്റിബയോട്ടിക്കുകൾ, ആന്റി-ഇൻഫ്ലമേറ്ററികൾ, സപ്ലിമെന്റുകൾ, മെലറ്റോണിൻ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് മരുന്നുകൾ ഉക്രൈനിലേക്ക് അയച്ചിട്ടുണ്ട്.