തമിഴക വെട്രി കഴകം (ടി.വി.കെ) സ്ഥാപകൻ വിജയ്ക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് എ.ഐ.എ.ഡി.എം.കെ. വിജയ്യുടേത് അഹംഭാവപരമായ പെരുമാറ്റമാണെന്നും രാഷ്ട്രീയ പക്വതയില്ലായ്മയാണെന്നും എ.ഐ.എ.ഡി.എം.കെ വിമർശിച്ചു.
കഴിഞ്ഞ വർഷം കരൂരിൽ നടന്ന റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ വിജയ് തന്നെയാണ് ഉത്തരവാദിയാണെന്നും വിഷയത്തിൽ വിജയ് മറുപടി പറയണമെന്നും എ.ഐ.എ.ഡി.എം.കെ ആവശ്യപ്പെട്ടു.
“കരൂരിൽ 41 പേർ മരിച്ച സംഭവത്തിൽ നിങ്ങളും ഉത്തരവാദിയല്ലേ? അതിന് ഒരു പ്രായശ്ചിത്തവും ചെയ്യാതെ, നിയമനടപടികൾ ഭയന്ന് 72 ദിവസത്തിലധികം പനയൂരിൽ ഒളിച്ചിരിക്കുകയല്ലേ നിങ്ങൾ ചെയ്തത്. 15 ദിവസത്തേക്ക് നിങ്ങളുടെ പാർട്ടി ഓഫീസ് അടച്ചിടുകയും ചെയ്തു” എഐഎഡിഎംകെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചു.
മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിന് പകരം അവരെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയതിനെയും എഐഎഡിഎംകെ പരിഹസിച്ചു. ലോക ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ പോകുന്നതിന് പകരം അവരെ നിങ്ങളുടെ അടുത്തേക്ക് വിളിപ്പിച്ചത്. ഇതൊരു ജന്മി സ്വഭാവമാണ്. ഇതിന് വേണമെങ്കിൽ നിങ്ങൾക്ക് ഡോക്ടറേറ്റ് പോലും ലഭിക്കുമെന്ന് പോസ്റ്റിൽ പറയുന്നു.
ജനങ്ങളുടെ കണ്ണുനീർ തുടയ്ക്കാൻ പോകാതെ, ഗ്ലിസറിൻ കണ്ണീരുമായി അല്പം പോലും കുറ്റബോധമില്ലാതെ നിങ്ങൾ ഒരു പ്രതീകാത്മക അനുശോചന പരിപാടി നടത്തി. അത് സ്വയം പ്രമോഷനാക്കി മാറ്റുകയും ചെയ്തു. ഈ അഹംഭാവപരമായ പെരുമാറ്റം രാഷ്ട്രീയത്തിലെ അപകടകരമായ അടയാളമാണെന്നും എ.ഐ.എ.ഡി.എം.കെ കുറ്റപ്പെടുത്തുന്നു.



