ഭാവിയിലെ പല ജോലികളും ഇന്നത്തേതിൽനിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് വിദഗ്ദ്ധർ. അടുത്ത ദശകത്തിനുള്ളിൽ ബഹിരാകാശ പര്യവേക്ഷണം കോളേജ് ബിരുദധാരികൾക്ക് യാഥാർത്ഥ്യവും ഉയർന്ന ശമ്പളവുമുള്ള ഒരു തൊഴിൽ സാധ്യതയായി മാറുമെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ പ്രവചിക്കുന്നു. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ശാസ്ത്രം, എഞ്ചിനീയറിംഗ്, ഓട്ടോമേഷൻ എന്നീ രംഗങ്ങളിലുണ്ടാകുന്ന മുന്നേറ്റങ്ങൾ എങ്ങനെയാണ് പുതിയ വ്യവസായങ്ങൾക്ക് വഴിതുറക്കുന്നതെന്ന് ഒരു വീഡിയോ അഭിമുഖത്തിലാണ് ആൾട്ട്മാൻ വിശദീകരിച്ചത്.

2035 ആകുമ്പോഴേക്കും യുവ പ്രൊഫഷണലുകളുടെ തൊഴിൽ പാതകൾ വളരെ വ്യത്യസ്തമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. പലരും സൗരയൂഥത്തിലുടനീളമുള്ള ദൗത്യങ്ങളിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറയുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ ബഹിരാകാശ പര്യവേക്ഷണം അടിമുടി മാറും. ബഹിരാകാശ ദൗത്യങ്ങൾ സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസികളിലെ യാത്രികരിൽ മാത്രം ഒതുങ്ങില്ല. പകരം സ്വകാര്യ കമ്പനികളും അന്താരാഷ്ട്ര പങ്കാളിത്തങ്ങളും വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കും.

2035-ൽ ബിരുദം നേടുന്ന ഒരു വിദ്യാർത്ഥി ഒരു ബഹിരാകാശ പേടകത്തിൽ ഒരു ദൗത്യത്തിനായി പുറപ്പെടാൻ സാധ്യതയുണ്ട്. തികച്ചും പുതുമയുളളതും ആവേശകരവും ഉയർന്ന ശമ്പളമുള്ളതും രസകരവുമായ ഒരു ജോലിയാകും അതെന്നും അദ്ദേഹം പറയുന്നു.

എയ്റോസ്പേസ് എഞ്ചിനീയറിങ് മേഖലയിലെ തൊഴിലവസരങ്ങൾ അതിവേഗം വളരുകയാണെന്നാണ് യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ മേഖലയിലെ പ്രൊഫഷണലുകൾ നിലവിൽ 130,000 ഡോളറിൽ കൂടുതൽ വാർഷിക ശമ്പളം നേടുന്നുണ്ട്. കൂടുതൽ സ്വകാര്യ കമ്പനികൾ ബഹിരാകാശ പേടക നിർമ്മാണം, സാറ്റലൈറ്റ് സാങ്കേതികവിദ്യ, ഗ്രഹാന്തര ഗവേഷണം എന്നിവയിൽ നിക്ഷേപം നടത്തുന്നതിനാൽ ഈ രംഗത്ത് വിദഗ്ധരുടെ ആവശ്യകത വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാണിജ്യ ബഹിരാകാശ യാത്രയുടെയും ചാന്ദ്ര പര്യവേക്ഷണ പരിപാടികളുടെയും വളർച്ചയോടെ സാധ്യമായ തൊഴിലവസരങ്ങൾ റോബോട്ടിക്സ് വിദഗ്ദ്ധർ, എഐ ടെക്നീഷ്യൻമാർ, പ്ലാനറ്ററി സയന്റിസ്റ്റുകൾ എന്നിവരിലേക്കും വ്യാപിക്കും.

നിർമ്മിത ബുദ്ധി ചില തൊഴിലുകൾ ഇല്ലാതാക്കുമെന്ന വാദം ആൾട്ട്മാൻ അംഗീകരിച്ചു. എന്നാൽ തികച്ചും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അതിന് കഴിയും. വ്യക്തിഗത കഴിവുകളെ വികസിപ്പിക്കാൻ സാധിക്കുന്ന ഒരു ഉപകരണമായാണ് അദ്ദേഹം നിർമ്മിതബുദ്ധിയെ വിശേഷിപ്പിച്ചത്. ഒരുകാലത്ത് വലിയ സ്ഥാപനങ്ങൾക്കും മാത്രം ചെയ്യാന് കഴിഞ്ഞിരുന്ന കാര്യങ്ങൾ സാധ്യമക്കാൻ ഇന്ന് ചെറിയ ടീമുകൾക്കോ വ്യക്തികൾക്കുപോലുമോ സാധിക്കുന്നു. ജിപിടി-5 ന്റെ വരവോടെ ഒരു മൊബൈലിലൂടെ പിഎച്ച്ഡി തലത്തിലുള്ള വിദഗ്ദ്ധരുടെ ഒരു ടീമിന്റെ സേവനം തൽക്ഷണം ലഭ്യമാകും. ഇത് വ്യക്തികൾക്ക് സ്വതന്ത്രമായി വൻ കമ്പനികൾ ആരംഭിക്കാൻ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓട്ടോണമസ് നാവിഗേഷൻ സിസ്റ്റങ്ങൾ, പ്രെഡിക്റ്റീവ് മെയിന്റനൻസ്, ദൗത്യങ്ങൾക്കായുള്ള ഡാറ്റാ വിശകലനം എന്നിവയിലൂടെ നിർമ്മിത ബുദ്ധി ഇതിനകം തന്നെ ബഹിരാകാശ ഗവേഷണത്തിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുന്നുണ്ട്. 2035-ലെ ബിരുദധാരികൾ പ്രവേശിക്കുന്നത് ചന്ദ്രൻ, ചൊവ്വ, മറ്റ് ലക്ഷ്യസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്ക് വാണിജ്യപരവും സർക്കാർ നേതൃത്വത്തിലുള്ളതുമായ ദൗത്യങ്ങൾ നടക്കുന്ന ഒരു തൊഴിൽ മേഖലയിലേക്കായിരിക്കും. ബഹിരാകാശ പേടകങ്ങളുടെ രൂപകൽപ്പന, പ്രവർത്തനങ്ങൾ മുതൽ ബഹിരാകാശത്തെ നിർമ്മാണപ്രവർത്തനങ്ങൾ, ഗ്രഹാന്തര ലോജിസ്റ്റിക്സ് എന്നിവ വരെ ഈ തസ്തികകളിൽ ഉൾപ്പെടാം. ഭാവി തലമുറകൾ ഇന്നത്തെ തൊഴിൽ രീതികളെ കാലഹരണപ്പെട്ടതായി കാണും. മുന്നിലുള്ള സാധ്യതകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവയെ ‘വിരസമായ, പഴയ ജോലികൾ’ എന്ന് ഉപമിക്കുമെന്നും ആൾട്ട്മാൻ പറയുന്നു.