അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് തൻ്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പുതിയ എഐ വീഡിയോ ഇൻ്റർനെറ്റിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. ‘എല്ലാവർക്കും ഡോണൾഡ് ട്രംപിനെ ഇഷ്ടമാണ്’ എന്ന് ആവർത്തിച്ചു പാടുന്ന ഒരു ഗാനത്തിൻ്റെ പശ്ചാത്തലത്തിൽ, തൻ്റെ തന്നെ വ്യത്യസ്തമായ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു എഐ മോണ്ടേജ് വീഡിയോയാണ് അദ്ദേഹം പുറത്തുവിട്ടത്.

പാരാച്യൂട്ടിൽ പറക്കുന്നതും മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്നതും ഉൾപ്പെടെ നിരവധി വ്യത്യസ്തമായ സാഹചര്യങ്ങളിലുള്ള ട്രംപിൻ്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ‘പശ്ചിമേഷ്യയിൽ അവർക്ക് ഡോണൾഡ് ട്രംപിനെ വലിയ ഇഷ്ടമാണ്’ എന്ന വരികൾ പാടുമ്പോഴാണ് അദ്ദേഹം ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണിക്കുന്നത്. വ്യത്യസ്തമായ ഈ വീഡിയോയും അതിലെ ഗാനവും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ ഈ വീഡിയോയുടെ ഉള്ളടക്കത്തെയും സന്ദേശത്തെയും കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. ‘ഇപ്പോൾ ജൂൺ ആറായി, ഇന്ധനവില വലിയ തോതിൽ കുറയുന്നതും കാത്ത് ഞാൻ ഇപ്പോഴും ഇരിക്കുകയാണ്’ എന്ന് ഒരു ഉപയോക്താവ് വീഡിയോയ്ക്ക് താഴെ പരിഹസിച്ചു. എഡിറ്റിങ് അതിപ്രസരമുള്ള ഈ വീഡിയോയിൽ ട്രംപിനെ കണ്ടാൽ ഒരു കോമിക് പുസ്തകത്തിലെ കഥാപാത്രത്തെ പോലെ തോന്നുന്നുണ്ടെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.

ട്രംപ് സ്ഥിരമായി രാത്രി വൈകി ട്രൂത്ത് സോഷ്യലിൽ പോസ്റ്റുകൾ പങ്കുവെക്കുന്നതും, എഐ ചിത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതും വീണ്ടും ചർച്ചയാകാൻ പുതിയ വീഡിയോ കാരണമായിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ്, പ്രശസ്ത സാങ്കൽപിക ചാരകഥാപാത്രമായ ജെയിംസ് ബോണ്ടിൻ്റെ വേഷത്തിലുള്ള തൻ്റെ തന്നെ എഡിറ്റ് ചെയ്ത ഒരു ചിത്രം ‘ട്രംപ് 007’ എന്ന അടിക്കുറിപ്പോടെ അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിന് പുറമെ, സ്വയം ‘ഏറ്റവും വലിയ ആകർഷണം’ എന്ന് വിശേഷിപ്പിക്കുന്ന മറ്റൊരു ചിത്രവും അടുത്തിടെ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.