നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കി വിധി വന്നതിന് പിന്നാലെ നടി മഞ്ജു വാര്യരുടെ പേരെടുത്ത് വിമർശിച്ച് നടൻ ദിലീപ് എത്തിയിരുന്നു. ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞയിടത്ത് നിന്നാണ് തനിക്കെതിരെ ഗൂഢാലോചന തുടങ്ങിയത് എന്നാണ് ദിലീപ് പറഞ്ഞത്. ഈ സഹാചര്യത്തിൽ മഞ്ജു വാര്യർ എന്താണ് അന്ന് പറഞ്ഞതെന്ന് നോക്കാം. ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യം അറിയിക്കാനായി 2027 ഫെബ്രുവരി 19ന് ദർബാർ ഹാളിൽ നടന്ന പരിപാടിയിലാണ് മഞ്ജു വാര്യർ തുറന്നടിച്ചത്. 

‘ഇവിടെ ഇരിക്കുന്ന പലരേയും രാത്രികളിലും അസമയങ്ങളിലും സുരക്ഷിതമായി കൊണ്ടാക്കിയിട്ടുള്ള ഡ്രൈവർമാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവർത്തകരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതിന് പിന്നിൽ നടന്നിരിക്കുന്നത് ക്രിമിനൽ ഗൂഢാലോചനയാണ്. ഈ ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ചവരേ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള എല്ലാ പ്രവർത്തനങ്ങൾക്ക് എല്ലാം അങ്ങേയറ്റം പിന്തുണ നൽകുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുക. അത് മാത്രമല്ല ഒരു സ്ത്രീക്ക് വീടിന് അകത്തും പുറത്തും അവൾ പുരുഷന് നൽകുന്ന ബഹുമാനം അതേ അളവിൽ തിരിച്ച് കിട്ടാനുള്ള അർഹത സ്ത്രീക്കുണ്ട്. ആ ഒരു സന്ദേശമാണ് എല്ലാവരേയും അറിയിക്കാൻ ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടേ എന്നു മാത്രം പറയുന്നു. നന്ദി ‘