മായം കലര്‍ന്ന പാല്‍ കുടിച്ച് നാല് പേര്‍ മരിച്ചു. വിഷബാധയെത്തുടര്‍ന്ന് 12 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരത്ത് ആണ് സംഭവം. മരിച്ച നാല് പേരുടേയും കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.നഗരത്തിലെ അനധികൃത വില്‍പ്പനക്കാരന്‍ വിതരണം ചെയ്ത പാല്‍ കുടിച്ചാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാല് പേരുടെ ജീവന്‍ നഷ്ടമായത്.
ഞായറാഴ്ചയാണ് രണ്ട് പേര്‍ മരിച്ചത്. ഇന്ന് രണ്ട് പേരും മരിച്ചു. വിഷം കലര്‍ന്ന പാല്‍ വൃക്ക തകരാറിലാകാന്‍ കാരണമായെന്നും ഇത് മൂത്രാശയ തടസത്തിനും മരണത്തിനും കാരണമായെന്നും പ്രാഥമിക അന്വേഷണത്തില്‍ സൂചിപ്പിക്കുന്നു. രാജമഹേന്ദ്രവാരത്തിലെ വീടുകളില്‍ വിതരണം ചെയ്ത അതേ പ്രാദേശിക വില്‍പ്പനക്കാരനില്‍ നിന്നാണ് നാല് പേരും പാല്‍ വാങ്ങിയത്. വീടുകളില്‍ വിതരണം ചെയ്യുന്നതിന് മുമ്പ് 40ഓളം ക്ഷീരകര്‍ഷകരില്‍ നിന്നും പാല്‍ ശേഖരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പാലിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി വിവിധ ലബോറട്ടറികളിലേയ്ക്ക് അയച്ചു.
മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു വിഷയത്തില്‍ അവലോകന യോഗം ചേര്‍ന്നു.വൈദ്യസഹായം, റാപ്പിഡ് ടെസ്റ്റ് മെഡിക്കല്‍ ക്യാംപുകള്‍ എന്നിവയുള്‍പ്പെടെയുള്ള ക്രമീകരണങ്ങളെക്കുറിച്ച് ജില്ലാ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് വിശദീകരിച്ചു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 106 വീടുകളില്‍ പാല്‍ വിതരണം ചെയ്തതായും 75 സാമ്പിളുകള്‍ ശേഖരിച്ചതായും ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. വില്‍പ്പനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു



