പല വികാരങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും നിശബ്ദമായൊരു പോരാട്ടമാണ് തനിക്ക് നടത്തേണ്ടി വരുന്നതെന്നും നടി ഭാവന. തന്റെ പുതിയ ചിത്രമായ ‘അനോമി’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഭാവന മനസ്സ് തുറന്നത്. ഒന്നരമാസം താൻ വീടിന് പുറത്തിറങ്ങിയില്ലെന്നും ആരെയും കാണാൻ തയ്യാറായിരുന്നില്ലെന്നും ഭാവന പറഞ്ഞു.

“പല വികാരങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ചില ദിവസങ്ങളിൽ ഓക്കെയായിരിക്കും, ചില ദിവസങ്ങളിൽ ഓക്കെയാകാൻ ശ്രമിക്കുകയായിരിക്കും. ചില ദിവസങ്ങളിൽ ഓക്കെയായിരിക്കില്ല. നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത്,” ഭാവന പറഞ്ഞു. ഇപ്പോഴും സന്തോഷിക്കാൻ ശ്രമിക്കുന്നൊരു ദുശ്ശീലം തനിക്കുണ്ടെന്നും താരം കൂട്ടിച്ചേർത്തു. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയത് കൊണ്ടാകാം എപ്പോഴും ചിരിച്ച് സന്തോഷത്തോടെ കാണപ്പെടണം എന്നൊരു ചിന്ത മനസ്സിന്റെ അടിത്തട്ടിലുണ്ട്. പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും കാമറയ്ക്ക് മുന്നിലെത്തുമ്പോൾ സന്തോഷിക്കാൻ താൻ എക്സ്ട്രാ എഫേർട്ടിടാറുണ്ടെന്നും ഭാവന വ്യക്തമാക്കി. തനിക്ക് അതിന് ആഗ്രഹമില്ലെങ്കിലും സ്വാഭാവികമായി സംഭവിക്കുന്നതാണ്. എല്ലാവരും കാണുന്നതുകൊണ്ട് ചിരിക്കുന്ന മുഖത്തോടെ നിൽക്കണം എന്ന് തോന്നാറുണ്ടെന്നും ഭാവന പറഞ്ഞു.

ഒന്നരമാസം താൻ തന്റെ സേഫ്റ്റി ബബിളിനുള്ളിലായിരുന്നുവെന്ന് ഭാവന വെളിപ്പെടുത്തി. പുറത്ത് വരാനോ ആളുകളെ കാണാനോ താൻ തയ്യാറായിരുന്നില്ല. കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും മാത്രമായിരുന്നു കണ്ടിരുന്നത്. അവർ തന്നെ ജഡ്ജ് ചെയ്യില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. അഭിമുഖത്തിന് തയ്യാറാകുമ്പോഴൊക്കെ താൻ സ്വയം ആത്മവിശ്വാസം പകരുകയായിരുന്നു. എന്നാൽ ഇവിടെ എത്തിയതും തനിക്ക് പാൽപ്പറ്റേഷൻ അനുഭവപ്പെടുകയും ബ്ലാങ്ക് ആവുകയും ചെയ്തു. ചിരിക്കണോ വേണ്ടയോ എന്ന് അറിയില്ലായിരുന്നു. എന്നാൽ എപ്പോഴും ആ അവസ്ഥയിൽ തുടരാൻ സാധിക്കില്ലെന്നും ഇന്നല്ലെങ്കിൽ നാളെ പുറത്ത് വരേണ്ടി വരുമെന്ന് അറിയാമെന്നും ഭാവന പറഞ്ഞു. തന്റെ സിനിമ റിലീസാകാനുണ്ടെന്നും ടീമിനെ കൈവിടാനാകില്ലെന്നും താരം കൂട്ടിച്ചേർത്തു.

ഭാവനയുടെ കരിയറിലെ തൊണ്ണൂറാമത് ചിത്രമാണ് ‘അനോമി’. റഹ്മാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവാഗതനായ റിയാസ് മാരാത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥയാണ് ചിത്രം പറയുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും അനോമി. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.