കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകി. എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കണമെന്നും, കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.
വിചാരണ കോടതി തെളിവുകൾ വിലയിരുത്തുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഫോറൻസിക് റിപ്പോർട്ടുകളും നിർണായകമായ ഡിജിറ്റൽ തെളിവുകളും വിചാരണ കോടതി നിസാരമായ കാരണങ്ങൾ പറഞ്ഞ് തള്ളിക്കളഞ്ഞു.
പൾസർ സുനിയും ദിലീപും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കുന്ന സാഹചര്യത്തെളിവുകൾ നിലവിലുണ്ട്. എന്നാൽ ഇത് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കോടതിയുടെ കണ്ടെത്തൽ തെറ്റാണ്. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴികളും തെളിവുകളും അർഹിക്കുന്ന ഗൗരവത്തോടെ കോടതി പരിഗണിച്ചില്ലെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടി.
2025 ഡിസംബർ എട്ടിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിൽ വിധി പറഞ്ഞത്. പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പേരെ ശിക്ഷിച്ച കോടതി, ഗൂഢാലോചനയിൽ ദിലീപിന്റെ പങ്ക് തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തെ വിട്ടയച്ചിരുന്നു.



