നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. സംവിധായകനും നടനുമായ മേജര്‍ രവിയുടെ സഹോദരനാണ്. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും. മേജർ രവിയാണ് മരണ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

വൃക്ക രോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെ വീട്ടില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു. റിലീസാവാനിരിക്കുന്ന റേച്ചലില്‍ ആണ് കണ്ണൻ പട്ടാമ്പി അവസാനം അഭിനയിച്ചത്. 

മിഷന്‍ 90 ഡേയ്‌സ്,കുരുക്ഷേത്ര,പുലിമുരുകന്‍,വെട്ടം,കിളിച്ചുണ്ടന്‍ മാമ്പഴം, തുടങ്ങി 23 ഓളം മലയാള സിനിമകളില്‍ കണ്ണൻ പട്ടാമ്പി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ മേജര്‍ രവി, ഷാജി കൈലാസ്, സന്തോഷ് ശിവന്‍ തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളില്‍ അണിയറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ ചിത്രങ്ങളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു.