പാ​ല​ക്കാ​ട്: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ളം ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​ത്തി​ലാ​യി​രു​ന്ന ആ​റാം പ്ര​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ഴ​ക്കേ അ​ട്ട​പ്പ​ള്ള​ത്ത് വി​നോ​ദ് കു​മാ​റി​നെ​യാ​ണ് (54) വീ​ടി​നു സ​മീ​പ​ത്തെ പ​റ​മ്പി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കേ​സി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ്പെ​ഷ​ൽ കോ​ട​തി ഇ​യാ​ൾ​ക്ക് നേ​ര​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തു റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​തു ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് പ്ര​തി​യു​ടെ മ​ര​ണം. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 17-നാ​ണ് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി രാം ​നാ​രാ​യ​ൺ ഭ​ഗേ​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ര​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് പ​റ​യാ​നു​ള്ള​തു കേ​ൾ​ക്കാ​തെ​യാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി ജാ​മ്യം ന​ൽ​കി​യ​തെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

കേ​സി​ൽ ആ​കെ ഒ​ൻ​പ​തു പ്ര​തി​ക​ളു​ണ്ട്. ഒ​രു മാ​സം മു​ൻ​പ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി മ​റ്റു എ​ട്ട് പ്ര​തി​ക​ളു​ടെ​യും ജാ​മ്യം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​വ​ർ നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണാ​ർ​ക്കാ​ട് സ്പെ​ഷ​ൽ കോ​ട​തി പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഈ ​മാ​സം 18ലേ​ക്കു മാ​റ്റി​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട രാം ​നാ​രാ​യ​ൺ ഭാ​ഗേ​ലി​ന്‍റെ ഭാ​ര്യ​യെ അ​ന്ന് ഹാ​ജ​രാ​ക്കാ​നും മ​ണ്ണാ​ർ​ക്കാ​ട് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ജോ​മോ​ൻ ജോ​ൺ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.