കായംകുളം: മകളുടെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടയിലുണ്ടായ വാഹനാപകടത്തിൽ ഭർത്താവിനു പിന്നാലെ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസിദളത്തിൽ പരേതനായ ശശി കെ. നായരുടെ ഭാര്യ തുളസി കെ. നായർ (54) ആണ് മരിച്ചത്.

മാർച്ച് 26ന് കൊല്ലം- തേനി ദേശീയ പാതയിൽ വെട്ടിയാർ പള്ളിമുക്കിന് സമീപമായിരുന്നു അപകടം നടന്നത്. കോൺഗ്രസ് വെട്ടിയാർ മണ്ഡലം സെക്രട്ടറിയായിരുന്നു ശശി കെ. നായർ. യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭവനസന്ദർശനം കഴിഞ്ഞ് മകളുടെ വിവാഹം ക്ഷണിക്കാൻ തുളസിക്കൊപ്പം സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.

അമിത വേഗത്തിലെത്തി‍യ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ശശി കെ. നായർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ തുളസിയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: അഭിഷേക് എസ്. നായർ, അഭിരാമി എസ്, നായർ. മരുമകൾ: അനില