ഗോവ നൈറ്റ് ക്ലബ് തീപിടിത്തക്കേസിൽ നിർണായക വഴിത്തിരിവ്. കഴിഞ്ഞ ആഴ്ച തീപിടിത്തത്തിൽ 25 പേർ മരിച്ച സംഭവത്തെ തുടർന്ന് വിദേശത്തേക്ക് കടന്ന മുഖ്യപ്രതികളായ ഗൗരവ്, സൗരഭ് ലുത്ര സഹോദരങ്ങളുടെ പാസ്പോർട്ടുകൾ റദ്ദാക്കിയതായി ഗോവ പോലീസ് അറിയിച്ചു.
ഇതോടെ ഫുക്കറ്റിൽ ഒളിവിൽ കഴിയുന്ന ഇവർക്ക് തായ്ലൻഡിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് തടസ്സപ്പെടും. നയതന്ത്ര തലത്തിൽ ഇൻ്റർപോളിൻ്റെ സഹായത്തോടെ ഇവരെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള സാധ്യതകൾ ഇതോടെ വർധിക്കുമെന്നും അധികൃതർ പറയുന്നു.
ലുത്ര സഹോദരങ്ങളുടെ പാസ്പോർട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാർ നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗികമായി അപേക്ഷ നൽകിയിരുന്നതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് ഇവർക്കെതിരെ ഇൻ്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.



