കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രദാൻ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേ. സർക്കാരിനെ ഭയന്ന് എത്രകാലം ജീവിക്കും? തന്നെ ജയിലിടക്കുമെന്ന് ഭയന്നാണ് അമ്മ കഴിയുന്നത്. അങ്ങനെ രാജ്യത്ത് എത്ര അമ്മമാർ ഭയചകിതരായി ജീവിക്കുന്നുവെന്നും ദീപ്കേ പറഞ്ഞു. പ്രതിഷേധ സ്ഥലത്തുനിന്നും അഭിജിത് മടങ്ങി.

ആവര്‍ത്തിക്കുന്ന പരീക്ഷ ക്രമക്കേടുകളില്‍ ധര്‍മ്മന്ദ്ര പ്രദാന്‍റെ രാജി ആവശ്യപ്പെട്ടാണ് കോക്ക് റോച്ച് ജനത പാര്‍ട്ടിയുടെ ആദ്യ പ്രതിഷേധം ദില്ലി ജന്തര്‍മന്തറില്‍ നടക്കുന്നത്. വിദ്യാര്‍ത്ഥികളും യുവാക്കളും അണിചേര്‍ന്ന പ്രതിഷേധത്തിലേക്ക് പത്തരയോടെയാണ് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കേ എത്തി. കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങള‍്‍ക്കെതിരെ പ്രതിഷേധമിരമ്പി. വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഉന്നയിച്ച് മന്ത്രിക്ക് എങ്ങനെ സ്ഥാനത്ത് തുടരാന്‍ കഴിയുന്നുവെന്ന് കോക്ക് റോച്ച് ജനത പാര്‍ട്ടി ചോദിച്ചു. ഇന്നലെ അമേരിക്കയില്‍ നിന്ന് തിരിച്ച പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കേ രാവിലെ ഏഴരയോടെയാണ് ദില്ലി വിമാനത്താവളത്തിലെത്തിയത്. പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോയി അനുമതി വാങ്ങാനായിരുന്നു ദീപ്കേയുടെ പദ്ധതിയെങ്കില്‍ ദില്ലി പൊലീസ് വിമാനത്താവളത്തിലെത്തി ജന്തര്‍മന്തറില്‍ പ്രതിഷേധത്തിന് അനുമതി നല്‍കുകയായിരുന്നു.