ക്ഷേത്ര മുറ്റം മുതല്‍ പത്തു കിലോമീറ്ററിലധികം ദൂരത്തില്‍ ഭക്തർ അടുപ്പുകള്‍ ഒരുക്കിക്കഴിഞ്ഞു.
രാവിലെ 9.15-ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടർന്ന് 9.45-ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലില്‍ നിന്നും പകർന്ന ദീപം പണ്ടാര അടുപ്പിലേക്ക് തീ പകരും. ഭക്തർ കാത്തിരിക്കുന്ന നിവേദ്യം ഉച്ചയ്ക്ക് 2.15-നാണ് നടക്കുക. ഉത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘകാലത്തോളം പഴക്കമുള്ള ആറ്റുകാല്‍ പൊങ്കാലയ്ക്ക് പിന്നില്‍ പ്രധാനമായും രണ്ട് വിശ്വാസങ്ങളാണുള്ളത്. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകീ ചരിതം ആസ്പദമാക്കിയുള്ള തോറ്റംപാട്ടുകള്‍ ഉത്സവത്തിന് കൂടുതല്‍ ചൈതന്യം പകരുന്നു. മധുര ദഹിപ്പിച്ച ശേഷം എത്തിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കാനായി ജനങ്ങള്‍ പൊങ്കാല നല്കി സ്വീകരിച്ചു എന്നതാണ് ഒരു വിശ്വാസം.
മറ്റൊരു വിശ്വാസമനുസരിച്ച്, മഹിഷാസുരനെ വധിച്ച ദുർഗ്ഗാസ്വരൂപിണിയായ ദേവിക്ക് നല്കിയ ആരാധനയായാണ് പൊങ്കാലയെ കണക്കാക്കുന്നത്. കുത്തിയോട്ടം, താലപ്പൊലി തുടങ്ങിയ ഓരോ വഴിപാടുകള്‍ക്ക് പിന്നിലും തലമുറകളായി കൈമാറി വന്ന ഹൃദ്യമായ കഥകളുണ്ട്.



