ആധാർ കാർഡിലെ വിലാസം മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഇപ്പോൾ കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്. താമസം മാറുന്നവർക്കും വിലാസത്തിൽ തിരുത്തലുകൾ വരുത്തേണ്ടവർക്കും ആധാർ സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ ഔദ്യോഗിക ‘മൈ ആധാർ’ (myAadhaar) പോർട്ടൽ വഴി സ്വന്തമായി മാറ്റങ്ങൾ വരുത്താം. സാധുവായ വിലാസ രേഖകൾ കൈവശമുണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.

യുഐഡിഎഐ വെബ്സൈറ്റിലൂടെ താഴെ പറയുന്ന ഘട്ടങ്ങളിലൂടെ വിലാസം പുതുക്കാം:

1. യുഐഡിഎഐയുടെ ഔദ്യോഗിക മൈ ആധാർ പോർട്ടൽ സന്ദർശിക്കുക.
2. ‘ഡൊക്യുമെന്റ് അപ്‌ഡേറ്റ്’ (Document Update) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
3. ആധാർ നമ്പറും ക്യാപ്‌ചയും നൽകി ലോഗിൻ ചെയ്യുക.
4. ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി (OTP) നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുക.
5. ‘അഡ്രസ് അപ്‌ഡേറ്റ്’ (Address Update) എന്നത് തിരഞ്ഞെടുക്കുക.
6. സ്വന്തം രേഖകൾ ഉപയോഗിച്ചോ അതല്ലെങ്കിൽ കുടുംബനാഥന്റെ (HoF) രേഖകൾ ഉപയോഗിച്ചോ വിലാസം മാറ്റാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം.
7. പുതിയ വിലാസം കൃത്യമായി രേഖപ്പെടുത്തിയ ശേഷം വിലാസം തെളിയിക്കുന്ന രേഖയുടെ സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക.
8. അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന 14 അക്ക അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പർ (URN) ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വെക്കുക.

ആവശ്യമായ രേഖകൾ

വിലാസം മാറ്റുന്നതിനായി താഴെ പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്:

* വൈദ്യുതി ബില്ല്
* ബാങ്ക് സ്റ്റേറ്റ്‌മെന്റ് അല്ലെങ്കിൽ പാസ്ബുക്ക്
* വാടക കരാർ (Rent agreement)
* പാസ്‌പോർട്ട്
* വോട്ടർ ഐഡി
* സർക്കാർ അംഗീകരിച്ച മറ്റ് വിലാസ രേഖകൾ

അപ്‌ലോഡ് ചെയ്യുന്ന രേഖയിൽ അപേക്ഷകന്റെ പേരും പുതിയ വിലാസവും വ്യക്തമായിരിക്കണം.

സമയപരിധിയും ഫീസും

അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ യുഐഡിഎഐ രേഖകൾ പരിശോധിക്കും. വിലാസം പുതുക്കി ലഭിക്കാൻ സാധാരണയായി 30 ദിവസം വരെ സമയമെടുത്തേക്കാം. അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ പുതിയ ആധാർ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം.

നിലവിൽ 2026 ജൂലൈ 14 വരെ മൈ ആധാർ പോർട്ടൽ വഴി വിലാസം പുതുക്കുന്നതിന് പ്രത്യേകം ഫീസ് ഈടാക്കുന്നില്ല. എന്നാൽ പേര്, ജനനതീയതി, മൊബൈൽ നമ്പർ, ബയോമെട്രിക് വിവരങ്ങൾ എന്നിവ മാറ്റുന്നതിന് ആധാർ സേവന കേന്ദ്രങ്ങളെ സമീപിക്കേണ്ടതുണ്ട്.