കൊച്ചി: ഞണ്ടു കറി കഴിച്ച യുവാവിന് ഭഷ്യവിഷബാധയെ തുടര്‍ന്ന് ദാരുണാന്ത്യം. പനങ്ങാട് ചേപ്പനം സ്വദേശി കുരീക്കല്‍ വീട്ടില്‍ എല്‍ജിന്‍ ജൂഡ് (33) ആണ് മരിച്ചത്. അലര്‍ജി ഉണ്ടാക്കുമെന്ന് അറിഞ്ഞിട്ടും അത് അവഗണിച്ച് വീട്ടില്‍ ഉണ്ടാക്കിയ ഞണ്ടു കറി എല്‍ജിന്‍ കഴിക്കുകയായിരുന്നു.

മുമ്പ് ഞണ്ടു കറി കഴിച്ചപ്പോള്‍ അലര്‍ജി ഉണ്ടായതോടെ ഇത് കഴിക്കുന്നത് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഏറെ നാളുകള്‍ക്ക് ശേഷം യുവാവ് ഞണ്ടു കറി കഴിച്ചത്. കഠിനമായ ശ്വാസംമുട്ടലും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട എല്‍ജിനെ ഉടന്‍ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജിയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈകിട്ട് സംസ്‌കാര ചടങ്ങുകള്‍ നടന്നു.