ബംഗളൂരു: ജ്യോത്സ്യനെന്ന വ്യാജേന ആദായനികുതി ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 20 ലക്ഷത്തിലധികം രൂപയുടെ സ്വർണവും വെള്ളിയും തട്ടിയെടുത്ത കേസിൽ വയോധികൻ അറസ്റ്റിൽ.
ബംഗളൂരുവിലെ ഭാരതിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ശിവൻ ചെട്ടി ഗാർഡനിൽ താമസിക്കുന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനാണ് പരാതിക്കാരൻ. ശേഖർ എന്നയാളാണ് പിടിയിലായത്.
ഭാവി പ്രവചിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗസ്ഥനെ സമീപിച്ച ശേഖർ, പ്രത്യേക ആചാരങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇയാളിൽ നിന്നും 50,000 രൂപ കൈക്കലാക്കി.
പിന്നീട് കരിയർ വളർച്ചയ്ക്കും സ്ഥലം മാറ്റത്തിനും ജീവിത പുരോഗതിക്കും വേണ്ടി പൂജ ചെയ്യണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. പൂജ നടത്തിയില്ലെങ്കിൽ പ്രതികൂലമായി കാര്യങ്ങൾ സംഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇയാൾ ഉദ്യോഗസ്ഥനെ ഭയപ്പെടുത്തി.
തുടർന്ന് ചടങ്ങുകൾക്ക് ശേഷം മടക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 194 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളും ഏകദേശം 1.3 കിലോഗ്രാം തൂക്കമുള്ള വെള്ളി ആഭരണങ്ങളും അയാൾ കൈക്കലാക്കി.
നാളുകൾക്ക് ശേഷം ആഭരണങ്ങൾ തിരികെ ആവശ്യപ്പെട്ടപ്പോൾ, ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞ് ഇയാൾ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി. തുടർന്നാണ് ഉദ്യോഗസ്ഥൻ പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതിനഗർ പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 2023 ലെ 316(2), 318(4), 351(2), 352 എന്നീ വകുപ്പുകൾ ഉൾപ്പെടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തു.
അന്വേഷണത്തിൽ, പോലീസ് പ്രതിയെ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷന് സമീപം വച്ച് പിടികൂടി. ചോദ്യം ചെയ്യലിൽ, എളുപ്പത്തിൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുറ്റകൃത്യം ചെയ്തതെന്ന് അയാൾ സമ്മതിച്ചു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തുടർച്ചയായ ചോദ്യം ചെയ്യലിൽ, മോഷ്ടിച്ച സ്വർണ്ണവും വെള്ളിയും ഹലസുരുവിലെ ഒരു ജ്വല്ലറിയിൽ വിറ്റതായി പ്രതി വെളിപ്പെടുത്തി.
മാർച്ച് 15 ന് പോലീസ് നടത്തിയ റെയ്ഡിൽ കടയിൽ നിന്ന് 124 ഗ്രാം സ്വർണാഭരണങ്ങളും 796 ഗ്രാം വെള്ളിയും പിടിച്ചെടുത്തു. കണ്ടെടുത്ത സ്വത്തിന്റെ ആകെ മൂല്യം 20.60 ലക്ഷം രൂപയാണ്. മാർച്ച് 17ന് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
തമിഴ്നാട്ടിലെ തേനി ജില്ലയിലെ പെരിയകുളം വാടിപ്പട്ടി ഗ്രാമത്തിലെ താമസക്കാരനാണ് ശേഖർ എന്ന് പോലീസ് പറഞ്ഞു.



