കൊച്ചി: പറവൂർ മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിലേക്കു പോയാൽ, ചവിട്ടുനാടക കലാകാരന്മാരെ കാണാം; ഇവരുടെ കഠിനപരിശീലനം നടക്കുന്ന നാടകത്തട്ടുകളും. ആഴ്ചകൾ നീളുന്ന തുടർച്ചയായ പരിശീലനത്തിലും അനന്തരം അരങ്ങിൽ നിന്നു അരങ്ങുകളിലേക്ക് ഇവർ സഞ്ചരിക്കുന്പോഴും, തട്ടിൽ ആഞ്ഞുചവിട്ടുന്ന പാദങ്ങൾക്കു തെല്ലും ക്ഷീണമില്ല. സദസിന് ആസ്വാദനത്തിന്റെ തികവ് നൽകാൻ അവർ അരങ്ങിൽ ആടിത്തിമിർക്കും.
കൊടുംചൂടിലും പറവൂരിലെ പോരാട്ടക്കാർക്കു ക്ഷീണമില്ല; പറവൂരിന്റെ വോട്ടുമനസിനും. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മത്സരിക്കുന്ന മണ്ഡലമെന്നതു മാത്രമല്ല പ്രത്യേകത. ഭരണം യുഡിഎഫിനെങ്കിൽ, മുഖ്യമന്ത്രിയാകാൻ സാധ്യത കല്പിക്കപ്പെടുന്ന നേതാവാണ് സ്ഥാനാർഥിയെന്നതു കൂടിയാണ് പറവൂരിന്റെ വോട്ടുമനസിനെ സജീവമാക്കുന്നത്.
പറവൂരിലെ വോട്ടർമാർ അഞ്ചുവട്ടവും കൈവിടാത്ത സതീശൻ, ഡബിൾ ഹാട്രിക് തികയ്ക്കാനാണ് ഇക്കുറി കളത്തിലുള്ളത്. എന്നാൽ വി.ഡി. സതീശന്റെ തുടർജയങ്ങൾക്കു തടയിടാൻ കരുത്തുള്ള ശക്തനായ പോരാളിയാണ് തങ്ങളുടേതെന്ന് ഇടതുപക്ഷം അവകാശപ്പെടുന്നു.
സിപിഐ മത്സരിക്കുന്ന ഇവിടെ കയ്പമംഗലം സിറ്റിംഗ് എംഎല്‍എ ഇ.ടി. ടൈസണാണ് സതീശന്റെ മുഖ്യ എതിരാളി. തെരഞ്ഞെടുപ്പുകളിൽ പയറ്റിത്തെളിഞ്ഞ ഇടതു, വലതു സ്ഥാനാർഥികളെ നേരിടാൻ കന്നിയങ്കത്തിനായി കോൺഗ്രസ് വിട്ടെത്തിയ പറവൂര്‍ മുൻ മുനിസിപ്പൽ ചെയർപേഴ്സൺ വത്സല പ്രസന്നകുമാറിനെയാണ് ബിജെപി നിയോഗിച്ചിട്ടുള്ളത്.
► സേഫാക്കാൻ സതീശൻ ◄
യുഡിഎഫ് സ്ഥാനാർഥി സതീശൻ, തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം മണ്ഡലത്തിൽ ചെലവഴിച്ചത് സ്വാഭാവികമായും ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ്. കോൺഗ്രസിലെ സീറ്റുതർക്കം നീണ്ടു പോയ നാളുകളിലെല്ലാം പറവൂരിൽ ഇടതുസ്ഥാനാർഥി പ്രചാരണവുമായി മുന്നോട്ടു നീങ്ങുന്പോൾ, സതീശൻ ഡൽഹിയിലായിരുന്നു. എന്നാൽ മണ്ഡലത്തിലെത്തി കളം പിടിക്കാൻ സതീശന് ഏറെ സമയം വേണ്ടിവന്നില്ല. ഓട്ടപ്രദക്ഷിണത്തിൽ മണ്ഡലത്തിൽ പ്രധാന സ്ഥലങ്ങളിലെത്തി. എത്തേണ്ടിടത്തെല്ലാം എത്തി.
ജില്ലയിലും പുറത്തും മറ്റു സ്ഥാനാർഥികൾക്കായികൺവൻഷനുകൾക്കു പ്രചാരണങ്ങൾക്കുമായി പോകുന്പോഴും പറവൂർ സേഫാണെന്നു സതീശനും യുഡിഎഫ് കരുതുന്നു. കേരളമാകെയും പുറത്തും ഓടി നടക്കുന്പോൾ പറവൂരിൽ കാര്യങ്ങൾ കൃത്യമാക്കാൻ ടീം യുഡിഎഫ് സജ്ജം. കഴിഞ്ഞ അഞ്ചു തവണയും ചേർത്തു നിർത്തിയ പറവൂരിൽ സതീശൻ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ആത്മവിശ്വാസത്തിന്റെ കാതൽ. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സംസ്ഥാനം മുഴുവൻ എത്തേണ്ട നേതാവാണു സതീശനെന്നതു തിരിച്ചറിയുന്ന വോട്ടർമാരാണ് പറവൂരിലേതുമെന്നും യുഡിഎഫ് വിശ്വസിക്കുന്നു.
► ടൈറ്റാക്കാൻ ടൈസൺ ◄
പറവൂർ സീറ്റ് ഇടതുപക്ഷത്തിനായി സിപിഐ മത്സരിക്കുന്ന പതിവിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇക്കുറി ആരെയെങ്കിലും മത്സരിപ്പിക്കുകയല്ല, ശക്തമായ മത്സരം നടത്താനാവുന്ന നേതാവിനെ രംഗത്തിറക്കണമെന്ന തീരുമാനമാണ് കയ്പമംഗലത്തെ സിറ്റിംഗ് എംഎൽഎ ടൈസണിലേക്കു സ്ഥാനാർഥിത്വമെത്തിച്ചത്.
പറവൂരിൽ നിന്ന് അധിക ദൂരത്തിലല്ല കയ്പമംഗലം. ടൈസന്റെ രാഷട്രീയവും രാഷ്ട്രീയേതരവുമായ വിശാലബന്ധങ്ങൾ പറവൂരിലേക്കും നീളുന്നുണ്ട്. എംഎൽഎ എന്ന നിലയിലുള്ള മികച്ച പ്രവർത്തനങ്ങളും ഇദ്ദേഹത്തിനു കരുത്താണ്. മത്സരം കടുപ്പമുള്ളതാക്കാൻ തന്നെയുറച്ച് തീവ്രമായ പ്രചാരണത്തിലാണ് സ്ഥാനാർഥിയുംഇടതുപക്ഷവും. മുഖ്യമന്ത്രി ഉൾപ്പടെ ഇടുതനേതാക്കൾ ഈ വിഐപി മണ്ഡലത്തിൽ പ്രചാരണത്തിനെത്തി.
► ചരിത്രം യുഡിഎഫിനൊപ്പം ◄
1957ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഐയിലെ എന്‍. ശിവന്‍പിള്ളയാണ് മണ്ഡലത്തിലെ ആദ്യ എംഎൽഎ. വിജയിച്ചത് 2,088 വോട്ടിന്റെ ഭൂരിപക്ഷത്തിന്. മണ്ഡല രൂപീകരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ 11 തവണ യുഡിഎഫിനായിരുന്നു ജയം. എല്‍ഡിഎഫിന് വിജയിക്കാനായത് അഞ്ചു തവണ മാത്രം. മണ്ഡലത്തിലെ ഒടുവിലെ ഇടതു എംഎൽഎ പി. രാജു.
1996ല്‍ സിപിഐയിലെ പി. രാജുവിനോട് മത്സരിച്ച് പരാജയപ്പെട്ടാണ് യുഡിഎഫിലെ വി.ഡി. സതീശന്റെ പറവൂർ അധ്യായം ആരംഭിക്കുന്നത്. എന്നാൽ 2001ല്‍ രാജുവിനെതന്നെ പരാജയപ്പെടുത്തി മണ്ഡലം സതീശൻ തിരിച്ചുപിടിച്ചു.
പിന്നീടിങ്ങോട്ട് ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചു സതീശൻ പറവൂരിന്റെ പ്രിയങ്കരനായി. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് (21,301 വോട്ട്) 2021ലെ ജയം.
ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിച്ചുവന്ന സീറ്റ് ഏറ്റെടുത്താണ് ബിജെപിയുടെ പറവൂർ പരീക്ഷണം. തന്റെ മുൻ നേതാവായ സതീശനോടുള്ള പോരാട്ടത്തിൽ കരുത്തു തെളിയിക്കാനാകുമെന്നാണു വത്സല പ്രസന്നകുമാറിന്റെയും പ്രതീക്ഷ.
പറവൂര്‍ നഗരസഭയും ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തന്‍വേലിക്കര, വരാപ്പുഴ, വടക്കേക്കര പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. വടക്കേക്കരയൊഴികെ എല്ലായിടത്തും യുഡിഎഫ് ഭരണം.
2021ലെ തെരഞ്ഞെടുപ്പ് ഫലം
വി.ഡി. സതീശന് (യുഡിഎഫ്)- 82,264
എം.ടി. നിക്സണ് (എല്‍ഡിഎഫ്)- 60,963
എ.ബി. ജയപ്രകാശ് (എന്‍ഡിഎ)- 12,964
ഭൂരിപക്ഷം – 21,301



