ലെബനനിലെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ ഇറാനുമായുള്ള സമാധാന പ്രക്രിയയുമായി ബന്ധപ്പെട്ട നയതന്ത്ര ശ്രമങ്ങളെ തകിടം മറിക്കുമെന്ന് ഭയന്ന്, ഹിസ്ബുള്ളയുമായി വെടിനിർത്തലിന് താൻ വ്യക്തിപരമായി ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി.

എൻബിസി ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. താൻ ഇസ്രായേൽ അധികൃതരുമായി സംസാരിച്ചുവെന്നും യുദ്ധത്തിൽ അവർ സംയമനം പാലിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ പോരാട്ടങ്ങൾ വലിയൊരു പ്രാദേശിക കരാറിനെ തകർക്കാൻ സാധ്യതയുണ്ടെന്ന വാദമാണ് താൻ മുന്നോട്ടുവെച്ചതെന്നും ട്രംപ് വ്യക്തമാക്കി.

“ചില സമയങ്ങളിൽ നിങ്ങൾ ഒന്ന് ശാന്തനാകുകയും ബുദ്ധിപൂർവ്വം ചിന്തിക്കുകയും വേണം,” അഭിമുഖത്തിന്റെ വിവരങ്ങൾ എക്സിൽ (ട്വിറ്റർ) പങ്കുവെച്ച എൻബിസി ന്യൂസ് റിപ്പോർട്ടറുടെ കുറിപ്പിൽ ട്രംപിന്റെ വാക്കുകൾ ഉദ്ധരിച്ച് വ്യക്തമാക്കുന്നു. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവോട് താൻ നേരിട്ടാണോ സംസാരിച്ചത് എന്ന കാര്യം വ്യക്തമാക്കാൻ ട്രംപ് തയ്യാറായില്ല.

പ്രാദേശിക യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുകയും യുഎസ്-ഇറാൻ താൽക്കാലിക കരാറിനെ അട്ടിമറിക്കാൻ സാധ്യതയുണ്ടാക്കുകയും ചെയ്ത കടുത്ത പോരാട്ടത്തിനൊടുവിൽ ഇസ്രായേലും ഹിസ്ബുള്ളയും ലെബനനിൽ വെടിനിർത്തലിന് സമ്മതിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ ഈ പ്രതികരണം പുറത്തുവന്നത്.