ലണ്ടന് വടക്കുള്ള ബെഡ്ഫോർഡ് നഗരത്തിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേയുടെ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ഒരു ട്രെയിൻ ഡ്രൈവർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. റെയിൽ ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം വൈകുന്നേരം 5:15 ഓടെയാണ് അപകടമുണ്ടായത്. രണ്ട് ട്രെയിനുകളും ലണ്ടനിലെ സെന്റ് പാൻക്രാസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.

അപകടത്തെത്തുടർന്ന് ട്രെയിൻ കോച്ചുകൾക്കുള്ളിൽ കടുത്ത പരിഭ്രാന്തിയും ആശയക്കുഴപ്പവും നിറഞ്ഞ സാഹചര്യമാണ് ഉണ്ടായതെന്ന് യാത്രക്കാർ വിവരിച്ചു. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചതിന്റെ ശക്തമായ ആഘാതത്തിൽ ആളുകൾ മുന്നിലേക്ക് തെറിച്ചുവീണതായും പലരുടെയും അസ്ഥികൾ ഒടിയുകയും ശരീരത്തിൽ നിന്ന് രക്തം വരികയും ചെയ്തതായും ഒരു യാത്രക്കാരൻ പറഞ്ഞു.