അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറാൻ കരാറിനെതിരെ ഇസ്രായേൽ നേതാക്കൾ ആക്രമണം ശക്തമാക്കിയതോടെ കടുത്ത മറുപടിയുമായി വൈസ് പ്രസിഡന്റ് ജെഡി വാൻസ് രംഗത്തെത്തി. സൈനിക ശക്തി കൊണ്ട് മാത്രം ഒരു രാജ്യത്തിന്റെ ദീർഘകാല സുരക്ഷാ വെല്ലുവിളികൾ പരിഹരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രാദേശിക സുരക്ഷയോടുള്ള ഇസ്രായേലിന്റെ സമീപനത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

ദി ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, എല്ലാ ദേശീയ സുരക്ഷാ പ്രശ്നങ്ങളും കൊന്നൊടുക്കി പരിഹരിക്കാൻ ഇസ്രായേലിന് കഴിയില്ലെന്ന് വാൻസ് വ്യക്തമാക്കി. തങ്ങളുടെ ഒരേയൊരു ശക്തനായ സഖ്യകക്ഷിയെ ആക്രമിക്കുന്നതിന് പകരം അമേരിക്കയുടെ നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കാൻ അദ്ദേഹം ഇസ്രായേൽ നേതാക്കളോട് ആവശ്യപ്പെട്ടു. “നിങ്ങളുടെ കൃത്യമായ നിർദ്ദേശം എന്താണ്? നിങ്ങൾ 9 ദശലക്ഷം ജനങ്ങളുള്ള ഒരു രാജ്യമാണ്. നിങ്ങൾക്കുള്ള ഓരോ ദേശീയ സുരക്ഷാ പ്രശ്‌നങ്ങളും ആളുകളെ കൊന്നൊടുക്കി മാത്രം പരിഹരിക്കാമെന്ന് കരുതരുത്’, വാൻസ് പറഞ്ഞു.