തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേര് പറഞ്ഞ് വൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. 300 കോടി രൂപയുടെ ടെൻഡർ ലഭിച്ച വ്യാജ രേഖ ചമച്ചായിരുന്നു തട്ടിപ്പ്. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിന്റെ പരാതിയിൽ മലപ്പുറം സ്വദേശി സൽമാൻ ഫാരിസിനെതിരെയാണ് പോലീസ് കേസെടുത്തത്ത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സല്‍മാനുല്‍ ഫാരിസിനെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ ഒളിവിലുള്ള പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം നീക്കം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
വിഐഎസ്എല്ലിന്റെ 300 കോടി രൂപയുടെ ടെന്‍ഡര്‍ തനിക്ക് ലഭിച്ചുവെന്ന് വിശ്വസിപ്പിക്കാനായി പ്രതി വ്യാജ രേഖകള്‍ തയാറാക്കുകയായിരുന്നു. വിഐഎസ്എല്ലിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒപ്പുകള്‍ വരെ ഇയാള്‍ വ്യാജമായി പതിപ്പിച്ചു.
ഈ വ്യാജരേഖകള്‍ കാണിച്ച് പലരില്‍ നിന്നും നിക്ഷേപം സ്വീകരിക്കാനും തട്ടിപ്പ് നടത്താനും പ്രതി ശ്രമിച്ചതോടെയാണ് തുറമുഖ അധികൃതര്‍ പോലീസിനെ സമീപിച്ചത്. വഞ്ചിക്കപ്പെട്ടവരില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.



