മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി ബുധനാഴ്ച ഇഡിക്ക് മുമ്പിൽ ഹാജരായി. കൊച്ചി ഇ.ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യുന്നതിനായാണ് ഇഡി വീണയ്ക്ക് സമൻസ് നൽകിയിരുന്നത്. നേരത്തെ മുൻപ് നിശ്ചയിച്ച തീയതിയിൽ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന് വീണ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് പുതുക്കിയ തീയതിയിൽ സമൻസ് അയക്കുകയായിരുന്നു.

ചോദ്യം ചെയ്യലിനെ തുടർന്ന് ഇഡി ഓഫീസിന് പുറത്ത് കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. ഇ.ഡി ഓഫീസിന് മുന്നിൽ വാഹനം ഇറങ്ങിയ വീണ ഓഫീസിനുള്ളിലേക്ക് നടന്ന് പോവുകയായിരുന്നു. ഇപ്പോൾ പ്രവർത്തനരഹിതമായ അവരുടെ ഐടി സ്ഥാപനമായ എക്സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട പ്രസക്തമായ രേഖകൾ സഹിതം ഹാജരാകാനാണ് ഏജൻസി വീണയോട് ആവശ്യപ്പെട്ടിരുന്നത്.