സിറോ-മലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്-യുകെ കൺവെൻഷൻ, ജൂൺ 13 ന്, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ, സഭയുടെ പിതാവും തലവനുമായ അഭിവന്ദ്യ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ ആരംഭിച്ചു. തുടർന്ന്, ജൂൺ മാസം പതിനഞ്ചാം തീയതി, വത്തിക്കാനിൽ വച്ച് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.
പൗരസ്ത്യ സഭാ പാരമ്പര്യത്തിലുള്ള, സിറോ-മലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്-യുകെ കൺവെൻഷനിൽ, സംബന്ധിക്കുവാൻ റോമിൽ എത്തിച്ചേർന്ന, സഭാ പ്രതിനിധികളും, സഭയുടെ പിതാവും തലവനുമായ അഭിവന്ദ്യ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും, മറ്റു സഭാധ്യക്ഷന്മാരുമായി, ജൂൺ മാസം പതിനഞ്ചാം തീയതി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച നടത്തുകയും, സഭയുടെ പാരമ്പര്യത്തെയും, ആരാധന ക്രമ സമ്പന്നതയെയും എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു.
സന്ദേശത്തിന്റെ ആരംഭത്തിൽ, കൂടിക്കാഴ്ചയുടെ ദിവസം തന്നെ, 67ആം പിറന്നാൾ ആഘോഷിക്കുന്ന സഭാതലവന് പാപ്പാ പ്രത്യേകം ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ഒപ്പം മെത്രാഭിഷേകത്തിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആശംസകളും പാപ്പാ സ്നേഹപൂർവ്വം നേർന്നു. യൂറോപ്പിൽ താമസിക്കുന്ന സീറോ-മലങ്കര വിശ്വാസികളുടെ അജപാലന പ്രവർത്തനങ്ങൾക്കായി അടുത്തിടെ നിയമിതനായ അപ്പസ്തോലിക വിസിറ്റേറ്റർ കുര്യാക്കോസ് മാർ ഒസ്തതിയോസിനും പാപ്പാ ആശംസകൾ അർപ്പിച്ചു.
1932 ജൂൺ 11 ന് പതിനൊന്നാം പീയൂസ് പാപ്പാ, സീറോ മലങ്കര സഭാ ഹയരാർക്കി സ്ഥാപിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ‘ക്രിസ്തോ പാസ്‌തോറും’ എന്ന അപ്പസ്തോലിക രേഖ ആരംഭിക്കുന്നത്, ക്രിസ്തുവിനോടുള്ള നന്ദി പ്രകാശനത്തോടെയാണെന്നത് പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ പത്രോസിന്റെ പിൻഗാമിയുമായുള്ള സഭാ കൂട്ടായ്മയിലേക്ക് വീണ്ടും കടന്നുവരുവാൻ നിരവധി വൈദികരെയും, സന്യസ്തരെയും വിശ്വാസികളെയും, പ്രത്യേകമായി ബഥനി സന്യാസസഭയെയും നയിച്ച, ധന്യൻ മാർ ഇവാനിയോസ്, മാർ തെയോഫിലസ് എന്നിവരെയോർത്തു ദൈവത്തിനു നന്ദിയർപ്പിക്കാമെന്നും പാപ്പാ പറഞ്ഞു.
തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആദ്യത്തെ സീറോ മലങ്കര മെത്രാപ്പോലീത്ത, യേശുവിന്റെ തിരുഹൃദയത്തോട് ചേർന്ന് നിന്ന് കൊണ്ട്, പരിശുദ്ധാത്മാവിനാൽ ദൈവജനത്തെ നയിക്കുവാൻ സ്വയം സമർപ്പിച്ച ഒരു വ്യക്തിയായിരുന്നുവെന്നു, “ഒരു ഏകീകൃത സഭയ്ക്കുവേണ്ടിയുള്ള വലിയ ആഗ്രഹം, ഐക്യത്തിന്റെയും കൂട്ടായ്മയുടെയും അടയാളം, അത് ഒരു അനുരഞ്ജന ലോകത്തിന്റെ പുളിപ്പായി മാറുന്നു”എന്ന തന്റെ പത്രോസിനടുത്ത ശുശ്രൂഷയുടെ തുടക്കത്തിൽ പറഞ്ഞ വാക്കുകളോട് ചേർത്ത് പാപ്പാ വിശദീകരിച്ചു.

ഒരു യുവ പുരോഹിതനായിരിക്കെ, മാർ ഇവാനിയോസ്, കേരളത്തിലെ തന്റെ ക്രിസ്ത്യൻ സമൂഹത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് ദർശനം ഉയർത്തിയ ഒരു വ്യക്തിയായിരുന്നുവെന്നു പാപ്പാ എടുത്തു പറഞ്ഞു. തോമാശ്ലീഹാ, തന്റെ പ്രഘോഷണത്തിലൂടെയും, രക്തസാക്ഷിത്വത്തിലൂടെയും ഇന്ത്യയിൽ പാകിയ നല്ല വിത്തിന്റെ ചലനാത്മകത വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത മാർ ഇവാനിയോസ് തിരിച്ചറിഞ്ഞുവെന്നും, പ്രേഷിതദൗത്യം, വാക്കുകൾ കൊണ്ടല്ല, മറിച്ച് പുണ്യപൂർണമായ ജീവിതത്തിലൂടെയും, യഥാർത്ഥ ജീവകാരുണ്യ സേവനത്തിലൂടെയുമാണ് പൂർത്തീകരിക്കേണ്ടതെന്നു മനസിലാക്കിയെന്നും പറഞ്ഞ പാപ്പാ, ഈ ചൈതന്യം, സീറോ മലങ്കര കത്തോലിക്കാ സഭയുടെ സുവിശേഷ ഊർജ്ജത്തിന്റെയും, അപ്പസ്തോലിക ജീവകാരുണ്യത്തിന്റെയും ദീപസ്തംഭമായി ഇന്നും നിലക്കൊള്ളുന്നുവെന്നും ചൂണ്ടിക്കാട്ടി.
സാമൂഹിക നീതി, വിദ്യാഭ്യാസം, സമഗ്ര മാനവ വികസനം എന്നിവ സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് നൽകുവാനുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണതയും പാപ്പാ അടിവരയിട്ടു പറഞ്ഞു. 1934 ലെ സുവിശേഷവത്കരണ ശ്രമത്തിന്റെ ഫലമായി തുടക്കത്തിൽ തമിഴ്നാട്ടിൽ സീറോ-മലങ്കര സഭ വളരുവാൻ ആരംഭിച്ചതും പാപ്പാ എടുത്തു പറഞ്ഞു. തുടർന്ന്, സഭയുടെ ഹയരാർക്കിയുടെയും, ഡി എം സഭയുടെയും, പ്രതിബദ്ധതയും പാപ്പാ ചൂണ്ടിക്കാണിച്ചു. ഖഡ്കിയിലെ വിശുദ്ധ എഫ്രെം, ഗുഡ്ഗാവിലെ വിശുദ്ധ ജോൺ ക്രിസോസ്റ്റം എന്നീ രൂപതകളിലും സമാനമായ ഒരു പ്രതിബദ്ധത പുലർത്തുവാനും പാപ്പാ വിവിധ സന്യാസ സഭകളെയും , സിനഡിനെയും ക്ഷണിച്ചു.
അതേ സമയം, പൗരസ്ത്യ സഭകളുടെ വിലമതിക്കാനാവാത്ത നിധികൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, അടിയന്തിരമായി യോജിച്ച പ്രതിബദ്ധതയ്ക്കും പാപ്പാ ഏവരെയും ക്ഷണിച്ചു. വടക്കേ അമേരിക്കയിൽ നിരവധി സീറോ-മലങ്കര വിശ്വാസികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ബെനഡിക്ട് പതിനാറാമൻ പാപ്പാ അമേരിക്കയിലെ സീറോ-മലങ്കര വിശ്വാസികൾക്കായി ഒരു അപ്പസ്തോലിക് എക്സാർക്കേറ്റ് സ്ഥാപിച്ചതും, തുടർന്ന്, ഫ്രാൻസിസ് പാപ്പാ അതിനെ ഒരു രൂപത പദവിയിലേക്ക് ഉയർത്തിയതും പാപ്പാ എടുത്തു പറഞ്ഞു.
സമാനമായ ഉദ്ദേശ്യങ്ങളോടെയാണ്, യൂറോപ്പിലുടനീളമുള്ള സീറോ-മലങ്കര കത്തോലിക്കരുടെ അപ്പസ്തോലിക വിസിറ്റേറ്ററായി കുര്യാക്കോസ് മാർ ഒസ്തതിയോസിനെ താൻ നിയമിച്ചതെന്നും പാപ്പാ ചൂണ്ടക്കാട്ടി. വിശ്വാസികളുടെ ആത്മീയ നന്മയ്ക്കായി പ്രാദേശിക മെത്രാന്മാർക്കും പരിശുദ്ധ സിംഹാസനത്തിനും, നിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ അജപാലന പരിചരണത്തിന്റെ നിലവിലെ അവസ്ഥ മനസിലാക്കുവാനാണ് ഈ നിയമനം നടത്തിയതെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ, ലാറ്റിൻ മെത്രാന്മാർക്ക്, പൗരസ്ത്യ പാരമ്പര്യത്തിൽ ഉള്ള സമൂഹങ്ങളെ മൂർത്തമായ പിന്തുണയ്ക്കുവാൻ സാധിക്കുന്ന, തത്ത്വങ്ങൾ, മാനദണ്ഡങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ മനസിലാക്കുവാനും, തന്നെ അറിയിക്കുവാനും, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കസ്റ്ററിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു.
അതുവഴി സീറോ-മലങ്കര വിശ്വാസികളുടെ ഭാവി തലമുറ അവരുടെ തനതായ പാരമ്പര്യങ്ങൾക്കനുസരണം ജീവിക്കുന്നത് വഴിയായി, കർത്താവായ യേശുവുമായുള്ള സൗഹൃദം കൂടുതൽ ആഴത്തിലാക്കുകയും അങ്ങനെ കത്തോലിക്കാ സഭയ്ക്ക് മുതൽക്കൂട്ടായി മാറുകയും ചെയ്യുമെന്ന് പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. സീറോ-മലങ്കര സഭയുടെ അമൂല്യമായ സ്വത്വത്തെക്കുറിച്ചും അതുമായി സ്വന്തം താദാത്മ്യത്തെക്കുറിച്ചും കൂടുതൽ അവബോധം വളർത്താൻ പാപ്പാ ഏവരെയും ക്ഷണിച്ചു. സഭാ ജീവിതത്തിൽ പങ്കുചേരുകയും, സഭയുടെ അതുല്യമായ പൈതൃകം അനുഭവിക്കുകയും, മഹത്തായ അന്തസ്സിനെ കുറിച്ച് ബോധവാന്മാരാകുകയും ചെയ്തുകൊണ്ട്, മേജർ ആർച്ച് ബിഷപ്പിനോടും മെത്രാന്മാരുടെ സിനഡുമായും ഐക്യത്തോടെ ജീവിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
ഭാരതത്തിൽ, വിശുദ്ധ തോമാശ്ലീഹായുടെ പാരമ്പര്യം പേറുന്ന സഭയിൽ, ദൈവവിളികളെ പ്രോത്സാഹിപ്പിക്കുന്ന കുടുംബങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, അതിനാൽ ഭവനങ്ങളിലും, ഹൃദയങ്ങളിലും, പ്രത്യേകമായി, യുവാക്കളിൽ ശക്തമായ വിശ്വാസം തഴച്ചുവളരട്ടെയെന്നു താൻ പ്രാർത്ഥിക്കുന്നുവെന്നും അടിവരയിട്ടു. തന്റെ അപ്പസ്തോലിക ആശീർവാദവും പാപ്പാ പ്രത്യേകമായി നൽകി.



