രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ ‘മുരശൊലി’. സംസ്ഥാനങ്ങളിൽ സഖ്യങ്ങളെ ദുർബലപ്പെടുത്തുന്ന നടപടികളാണ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും സഖ്യകക്ഷികളെ ഐക്യത്തെക്കുറിച്ച് പഠിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ യോഗ്യത ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും പത്രം ആരോപിച്ചു.
സഖ്യകക്ഷികളിൽനിന്നുള്ള വിമർശനങ്ങൾ ഭഗവാൻ ശിവൻ വിഷംകുടിക്കുന്നതുപോലെ കോൺഗ്രസ് ഉൾക്കൊള്ളണമെന്ന രാഹുലിന്റെ പ്രസ്താവനയെ പത്രം പരിഹാസത്തോടെയാണ് നേരിട്ടത്. പുരാണ കഥയിൽ ശിവൻ വിഷം സൃഷ്ടിച്ചിട്ടില്ലെന്നും ദേവാസുരന്മാർ അമൃതിനായി പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്ന വിഷം ലോകത്തെ രക്ഷിക്കാൻ അദ്ദേഹം കുടിക്കുക മാത്രമാണ് ചെയ്തതെന്നും മുരശൊലി ഓർമിപ്പിച്ചു. ഇന്ത്യ സഖ്യത്തിൽ അമൃതിനുപകരം വിഷമാണ് ഉണ്ടായതെങ്കിൽ അത് കടഞ്ഞ് വിഷമുണ്ടാക്കിയതിന് പിന്നിൽ ആരാണെന്ന ചോദ്യവും എഡിറ്റോറിയൽ ഉയർത്തുന്നു.
പ്രതിപക്ഷ ഐക്യത്തിനായി രാഹുൽ ഇപ്പോൾ നൽകുന്ന ഉപദേശങ്ങൾ വളരെ വൈകിപ്പോയ ഒരു തിരിച്ചറിവാണെന്ന് പത്രം വിമർശിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഈ ഐക്യത്തെ ദുർബലപ്പെടുത്തിയത് രാഹുൽ തന്നെയാണെന്നും പ്രതിപക്ഷ കക്ഷികളുമായുള്ള ബന്ധം വഷളാക്കുന്നതിൽ കോൺഗ്രസിനുള്ള പങ്ക് അദ്ദേഹം വിസ്മരിക്കുകയാണെന്നും പത്രം ആരോപിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന രാഹുലിന്റെ ആരോപണത്തെ പത്രം രൂക്ഷമായി വിമർശിച്ചു. രാഹുൽ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് സിപിഎം നേതാവ് ജോൺ ബ്രിട്ടാസിന്റെ ആരോപണവും രാഹുലിന്റെ ഇത്തരം പരാമർശങ്ങൾ അദ്ദേഹത്തിന്റെ ‘രാഷ്ട്രീയ അപക്വത’യുടെ തെളിവാണെന്ന സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുടെ വിമർശനവും എഡിറ്റോറിയലിൽ ഉദ്ധരിച്ചിട്ടുണ്ട്. കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഹുൽ നടത്തിയ ഇത്തരം പ്രസ്താവനകൾ സഖ്യത്തിനുള്ളിൽ വലിയ വിള്ളലുണ്ടാക്കിയെന്നാണ് പത്രത്തിന്റെ വിലയിരുത്തൽ.



