പ്രശസ്ത യുവനടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈ നളസോപാരയിലെ സ്വന്തം വീട്ടിലാണ് സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥനായ വിനോദ് ബാഗ് അറിയിച്ചു. ജൂൺ 14-നാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തെക്കുറിച്ച് മുംബൈ അച്ചോലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
നിരവധി ജനപ്രിയ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ-സീരിയൽ മേഖലയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കുങ്കും ഭാഗ്യ എന്ന പരമ്പരയാണ് സഞ്ജിതയെ പ്രശസ്തയാക്കിയത്. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങളിലൊന്നായും ആത്മവിശ്വാസം നൽകിയ വേഷമായും സഞ്ജിത ഈ സീരിയലിനെ വിശേഷിപ്പിച്ചിരുന്നു. കൂടാതെ ‘സജൻ ഘർ’, ‘ഡിൽവാലി ദുൽഹ ലേ ജായേഗി’, ‘വാഗ്ലെ കി ദുനിയ’ തുടങ്ങിയ പരമ്പരകളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ടെലിവിഷൻ രംഗത്ത് മാത്രമല്ല, വെള്ളിത്തിരയിലും തന്റെ സാന്നിധ്യം അറിയിക്കാൻ സഞ്ചിതയ്ക്ക് സാധിച്ചു. വിക്കി കൗശൽ പ്രധാന വേഷത്തിൽ എത്തിയ ‘ഛാവ’ എന്ന ചിത്രത്തിൽ താരാബായി എന്ന കഥാപാത്രത്തെയാണ് സഞ്ജിത അവതരിപ്പിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് വിനോദ വ്യവസായത്തിൽ സ്വന്തമായൊരു ഇടം കണ്ടെത്താൻ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ അവർക്ക് കഴിഞ്ഞിരുന്നു.
മരിക്കുന്നതിന് തൊട്ടുമുമ്പ് ഇൻസ്റ്റാഗ്രാമിൽ സഞ്ചിത ഒരു റീൽ വീഡിയോ പങ്കുവെച്ചിരുന്നു. ഒരു പാട്ടിന് നൃത്തം ചെയ്യുന്ന ഈ വീഡിയോയിൽ അവർ അതീവ സന്തോഷവതിയായാണ് കാണപ്പെട്ടത്. തികച്ചും അപ്രതീക്ഷിതമായ ഈ വിയോഗത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. യുവനടിയുടെ വിയോഗത്തിൽ സഹപ്രവർത്തകരും ആരാധകരും അഗാധമായ ദുഃഖം രേഖപ്പെടുത്തി.



