ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കടുത്ത ഭീഷണിയുയർത്തുന്നതിനിടെ, ലോകം മറ്റൊരു പ്രകൃതിദുരന്തത്തിന്റെ വക്കിലാണ്. പസഫിക് സമുദ്രത്തിൽ ‘എൽ നിനോ’ പ്രതിഭാസം ആരംഭിച്ചതായി വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാ ഏജൻസികൾ സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇതൊരു സാധാരണ ജൈവ-കാലാവസ്ഥാ വ്യതിയാനമല്ല, 2026-27 കാലയളവിൽ പ്രതീക്ഷിക്കുന്ന ഈ എൽ നിനോ ചരിത്ര റെക്കോർഡുകളെല്ലാം തകർക്കുന്ന ഒരു ‘സൂപ്പർ എൽ നിനോ’ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ നേരത്തെ തന്നെ പ്രവചിച്ചിരുന്നു.
ഈ സൂപ്പർ എൽ നിനോ പ്രതിഭാസം 2026, 2027 വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും കടുത്ത വരൾച്ച, ശക്തമായ പ്രളയം, മാരകമായ ഉഷ്ണതരംഗങ്ങൾ, വിനാശകരമായ കൊടുങ്കാറ്റുകൾ എന്നിവയ്ക്ക് കാരണമാകും. ഇത് ഇതിനകം തന്നെ പ്രതിസന്ധിയിലായ ദരിദ്ര രാജ്യങ്ങളിൽ വലിയ രീതിയിലുള്ള പട്ടിണിക്കും മാനുഷിക ദുരന്തങ്ങൾക്കും വഴിവെക്കുമെന്നതാണ് ഏറ്റവും വലിയ ആശങ്ക.



