സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയായ ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്ത ബസ് സ്റ്റേഷനിൽ നിന്ന് സെക്രട്ടേറിയറ്റ് പരിസരത്തേക്കുള്ള കന്നി യാത്ര പൂർണ്ണമായും വനിതാ ജീവനക്കാരാണ് നിയന്ത്രിച്ചത്.
കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്ന 3,125 ഓർഡിനറി ബസുകളെ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ള സ്ത്രീകൾക്കിടയിൽ ഈ പദ്ധതി വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രകാരം, സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഏഴ് വിഭാഗങ്ങളിലുള്ള ഓർഡിനറി സർവീസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകൾ തിരിച്ചറിയാനായി ഇത്തരം ബസുകളിൽ പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് ഇതൊരു അഭിമാന നിമിഷമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രിയദർശിനി പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് സ്ത്രീകൾക്ക് നൽകുന്ന ഒരു ഔദാര്യ പദ്ധതിയല്ലെന്നും ഇത് സമൂഹത്തിൽ വലിയ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇനി മുതൽ സ്ത്രീകൾക്ക് പൂർണ്ണ അഭിമാനത്തോടെ സർക്കാർ വാഹനത്തിൽ യാത്ര ചെയ്യാം. ഇതിലൂടെ വിവിധ മേഖലകളിലുള്ള സാധാരണക്കാരായ സ്ത്രീകൾക്ക് യാത്രാക്കൂലി ഇനത്തിൽ വലിയ തുക ലാഭിക്കാൻ സാധിക്കുമെന്നും ഈ പദ്ധതിക്കായി സർക്കാർ പ്രതിവർഷം 800 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുകാലം കഴിയുമ്പോൾ സർക്കാരിൽ നിന്ന് ഇനി പണം ആവശ്യമില്ലെന്ന് ഗതാഗത മന്ത്രി പറയുന്ന സ്ഥിതിയുണ്ടാകുമെന്നും തനിക്ക് അദ്ദേഹത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.



