തിരുവനന്തപുരം: യുഡിഎഫ് സർക്കാർ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘപരിവാർ നേതാവിനെ വിസിയാക്കിയ ഗവർണറെ സർക്കാർ എതിർക്കുന്നില്ലെന്നും ഗവണർറോട് ഏറ്റുമുട്ടാനില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് പിടിമുറുക്കാൻ ശ്രമിക്കുന്നതിനെതിരെ മുഖ്യമന്ത്രിയോ മന്ത്രിമോ യുഡിഎഫിലെ കക്ഷികളോ പ്രതികരിച്ചിട്ടില്ല. മതേതര കേരളം ആശങ്കയോടെ ആണ് ഇത് നോക്കിക്കാണുന്നത്.
കേന്ദ്ര സർവകലാശാലകൾക്ക് പിന്നാലെയാണ് സംഘപരിവാർ കേരളത്തിൽ പിടിമുറുക്കുന്നത്. സെനറ്റിൽ 19 സംഘപരിവാർ അനുകൂലികൾ ഉള്ളത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയങ്ങൾക്കെതിരെ ഇടതുമുന്നണി ശക്തമായ പ്രതിരോധം ഉയർത്തി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ നിയമവിരുദ്ധമായ ഇടപെടലുകൾക്കെതിരായ രാഷ്ട്രീയ പോരാട്ടങ്ങൾ തുടരേണ്ടതുണ്ട്. ശക്തമായ നിലപാട് സ്വീകരിക്കാൻ യുഡിഎഫ് സർക്കാർ തയാറുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
കേരളത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ സംസ്ഥാനത്തെ മൂന്ന് വിസിമാർ പങ്കെടുത്തു. ഇത് അത്യന്തം ഗൗരവത്തോടെ മതേതര കേരളം കാണുന്നു.
സർവകലാശാലകളിൽ സംഘപരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കാജനകമായ ചർച്ചകളാണ് നടക്കുന്നത്. അത്തരമൊരു ഘട്ടത്തിലാണ് കേരള, എംജി, മലയാളം സർവകലാശാല വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ പിടിമുറുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.



