തൃണമൂൽ കോൺഗ്രസ് എംപി കാകോലി ഘോഷ് ദസ്തിദാറിന്റെ മകനും മനോരോഗ വിദഗ്ദ്ധനുമായ ഡോ. ബൈദ്യനാഥ് ഘോഷ് ദസ്തിദാർ പാർട്ടിയിലെ നിരവധി മുതിർന്ന നേതാക്കൾക്കെതിരെ നിയമനടപടി ആരംഭിച്ചു. മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അദ്ദേഹം നിയമപരമായ നോട്ടീസ് അയച്ചു. മമത ബാനർജിക്ക് പുറമെ എംപിമാരായ കല്യാൺ ബാനർജി, സൗഗത റോയ്, മഹുവ മൊയ്ത്ര, പാർട്ടി നേതാവ് സൊണാലി ഗുഹ എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
താൻ ബരാസത് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് ചോദിച്ചിരുന്നു എന്ന അവകാശവാദങ്ങൾ പിൻവലിക്കണമെന്നും തന്റെ കുടുംബത്തിന് നേരെ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് പരസ്യമായി മാപ്പ് പറയണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനോട് കൃത്യമായി പ്രതികരിച്ചില്ലെങ്കിൽ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുമെന്നും ബൈദ്യനാഥ് ഘോഷ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



