മലയാളികൾക്ക് സുപരിചിതയായ ഹാസ്യനടൻ കൊല്ലം സുധിയുടെ ഭാര്യയായിരുന്ന രേണു, ജീവിതത്തിലെ കഠിനമായ നഷ്ടങ്ങൾക്കിടയിലും സ്വയം നിലകൊണ്ട വ്യക്തിത്വമാണ്. ഭർത്താവിന്റെ അകാല വിയോഗത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെയും പൊതുവേദികളിലൂടെയും സ്വന്തം ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രേണു എത്തിയിരുന്നു. പിന്തുണയും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിയ വ്യക്തികൂടിയാണ് രേണു.
രേണു സുധിയ്ക്ക് കാന്‍സര്‍ ആണെന്ന രീതിയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ ശരിവെച്ച് രേണു തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചുവെന്നും രോഗം ഇപ്പോള്‍ മൂന്നാം ഘട്ടത്തിലാണെന്നും രേണു സുധി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഫിറോസ് രേണുവിന്റെ രോഗവിവരം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി രേണു നേരിട്ടെത്തിയത്.
‘എനിക്ക് കാന്‍സര്‍ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരില്‍ നിന്ന് ഞാനിത് മറച്ചുവെച്ചു. പക്ഷേ, ഇപ്പോള്‍ ഇത് പറയാന്‍ സമയമായി എന്ന് തോന്നുന്നു. പല തെറ്റിദ്ധാരണകളും ആളുകള്‍ക്കുണ്ട്. ഇത് ദുബായില്‍ വെച്ചാണ് സ്ഥിരീകരിച്ചതെന്ന് പലരും കരുതുന്നു, എന്നാല്‍ അങ്ങനെയല്ല. എന്നാല്‍ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്’ രേണു സുധി വെളിപ്പെടുത്തി.
തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് മാറിടത്തില്‍ ആദ്യമായി ഒരു മുഴ ശ്രദ്ധയില്‍പ്പെട്ടതെന്ന് രേണു പറയുന്നു. അന്ന് പ്രായക്കുറവ് കാരണം അത് കാര്യമാക്കിയില്ല, വീട്ടുകാരോടും പറഞ്ഞില്ല. പിന്നീട് ഡിപ്ലോമയ്ക്ക് പഠിക്കുമ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ കാണിച്ച് ബയോപ്സി ചെയ്തു.
അന്ന് വലിയ പ്രശ്നമില്ലായിരുന്നുവെങ്കിലും, ഭാവിയില്‍ ഇത് കാന്‍സര്‍ ആയേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍, തൊട്ടുമുമ്പ് കഴിഞ്ഞ അപ്പന്‍ഡിസൈറ്റിസ് ഓപ്പറേഷന്റെ വേദനയും പേടിയും കാരണം തുടര്‍ചികിത്സ നടത്താന്‍ താൻ മടിക്കുകയായിരുന്നുവെന്നും രേണു പറഞ്ഞു.
“സുധിച്ചേട്ടന്റെ മരണശേഷം ഒരിക്കല്‍ ഡോക്ടറെ കണ്ടപ്പോള്‍ സ്കാന്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്കാനിംഗ് റിസല്‍ട്ട് കണ്ട് സംശയം തോന്നിയപ്പോള്‍ മാമോഗ്രാം ചെയ്യാന്‍ അദ്ദേഹം പറഞ്ഞു. മാമോഗ്രാമിലും സംശയം തോന്നിയപ്പോഴാണ് ബയോപ്സി ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. അതിന്റെ റിസൾട്ടും ഞാൻ ഒറ്റയ്ക്ക് ചെന്നാണ് മേടിച്ചത്. അപ്പോള്‍ എന്നോട് പറഞ്ഞു കാൻസർ ആണെന്ന്. ഞാൻ ഒന്നും മിണ്ടിയില്ല. ആ റിസൾട്ട് വീട്ടിൽ കൊണ്ട് രണ്ടു മൂന്ന് ദിവസം ഭദ്രമായിട്ട് വച്ച് ഒരു മനുഷ്യനോടും പറഞ്ഞില്ല.” ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നെ മെഡിക്കല്‍ കോളെജിലും പരിശോധിച്ചു. മെഡിക്കല്‍ കോളെജിലും കാന്‍സര്‍ ആണെന്നത് സ്ഥിരീകരിച്ചു. മൂന്നാമത്തെ സ്റ്റേജ് കഴിയുന്ന ഘട്ടമായെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
കീമോതെറാപ്പി തുടങ്ങണം എന്ന് പറഞ്ഞു. ഉടനെ അത് തുടങ്ങും. എന്റെ കുറച്ച് സുഹൃത്തുക്കൾക്കും മാനേജർക്കും വീട്ടുകാർക്കും കസിൻസിനും മാത്രം അറിയുന്ന കാര്യമാണ് ഇപ്പോള്‍ എല്ലാവരോടുമായി പങ്കുവെക്കുന്നത്.
മുന്നോട്ട് നമുക്ക് ജീവിക്കണം എന്നൊരു ഒറ്റ ചിന്തയാണ് എന്നെ ഇപ്പോള്‍ നയിക്കുന്നത്. പെണ്‍കുട്ടികള്‍ ശരീരത്തില്‍ വേദനയില്ലാത്ത മുഴ ഒക്കെ വന്നാല്‍ ശ്രദ്ധിക്കുക. ഡോക്ടറെ കാണുക. വേദനയില്ലെന്നോര്‍ത്ത് വച്ചുകൊണ്ടിരിക്കരുത്,” രേണു പറഞ്ഞു.



