ലോകകപ്പിൽ പങ്കെടുക്കുന്ന 48 ദേശീയ ടീമുകളിൽ 14 രാജ്യങ്ങളും, ആഗോള മതസ്വാതന്ത്ര്യ റിപ്പോർട്ടിൽ, മതസ്വാതന്ത്ര്യത്തിന്മേൽ കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. പൊന്തിഫിക്കൽ ഫൗണ്ടേഷനായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (ACN) സ്പെയിൻ ശാഖയാണ് തങ്ങളുടെ പുതിയ കാമ്പെയ്നിലൂടെ ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ഇതിൽ ഇറാൻ, സൗദി അറേബ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ മൂന്ന് രാജ്യങ്ങളിൽ കടുത്ത മതപീഡനം നടക്കുന്നതായി തെളിവുകളുണ്ട്. ബാക്കി 11 രാജ്യങ്ങളിൽ “മതസ്വാതന്ത്ര്യത്തെയോ വിശ്വാസ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വലിയ രീതിയിലുള്ള വിവേചനങ്ങൾ” നിലനിൽക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇറാൻ, സൗദി അറേബ്യ, കോംഗോ: കടുത്ത പീഡനങ്ങൾ

“ഇസ്‌ലാമിക നിയമങ്ങളുടെ കർശനമായ വ്യാഖ്യാനങ്ങളാണ് ഈ രാജ്യങ്ങളിലെ നിയമസംവിധാനത്തിന്റെ അടിസ്ഥാനം. ഇത് മതസ്വാതന്ത്ര്യത്തെ, പ്രത്യേകിച്ച് മതം മാറുന്നവരെയും ഔദ്യോഗികമായി അംഗീകരിക്കപ്പെടാത്ത മതവിഭാഗങ്ങളിൽ പെട്ടവരെയും ക്രൂരമായി നിയന്ത്രിക്കുന്നു.” ഇറാനെയും സൗദി അറേബ്യയെയും കുറിച്ച് എ.സി.എൻ സ്പെയിൻ വ്യക്തമാക്കുന്നു. ഇത്തരം നിയന്ത്രണങ്ങളെ മറികടക്കാൻ ശ്രമിക്കുന്നവർ അറസ്റ്റ്, തടവുശിക്ഷ, ചില സന്ദർഭങ്ങളിൽ വധശിക്ഷ വരെ നേരിടേണ്ടി വരുന്നുണ്ട്.

അതേസമയം, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ‘വിട്ടുമാറാത്ത അസ്ഥിരതയും വിട്ടൊഴിയാത്ത അക്രമങ്ങളും’ നേരിടുകയാണ്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ‘അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്’ (ADF) നടത്തുന്ന ജിഹാദി പ്രവർത്തനങ്ങൾ സാഹചര്യം കൂടുതൽ വഷളാക്കി.

മെക്സിക്കോയും ഹെയ്തിയും: ക്രിമിനൽ സംഘങ്ങളുടെ ഭീഷണി

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളിലൊന്നായ മെക്സിക്കോയിലും സ്ഥിതി വ്യത്യസ്തമല്ല (അമേരിക്കയും കാനഡയുമാണ് മറ്റ് ആതിഥേയർ). അവിടുത്തെ പരമ്പരാഗതമായ ഭരണഘടനാപരമായ വൈദികവിരുദ്ധതയ്ക്ക് പുറമെ, മതസ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളികൾ വരുന്നത് കേവലം കർശനമായ നിയമങ്ങളിൽ നിന്ന് മാത്രമല്ല.

“ഇന്ന് മെക്സിക്കോ നേരിടുന്ന പ്രധാന ആശങ്ക സംഘടിത കുറ്റകൃത്യങ്ങളും മയക്കുമരുന്ന് മാഫിയകളുമാണ്. വിവിധ പ്രദേശങ്ങളിലെ പ്രാദേശിക സമൂഹങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ക്രിമിനൽ സംഘങ്ങൾ പലപ്പോഴും വൈദികരെയും മതനേതാക്കളെയും സഭാ പ്രവർത്തകരെയുമാണ് ലക്ഷ്യമിടുന്നത്,” റിപ്പോർട്ട് പറയുന്നു.

ഹെയ്തിയിലെ അവസ്ഥ കൂടുതൽ ആശങ്കാജനകമാണ്. രാജ്യത്തിന്റെ വലിയൊരു ഭാഗം സായുധ ഗുണ്ടാസംഘങ്ങളുടെ നിയന്ത്രണത്തിലാണ്. സമീപവർഷങ്ങളിൽ ഇവർ നിരവധി മതനേതാക്കളെ തട്ടിക്കൊണ്ടുപോകുകയും വധിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പള്ളികളുടെയും വിശ്വാസധിഷ്ഠിത സംഘടനകളുടെയും പ്രവർത്തനങ്ങൾക്ക് ഇവർ തടസ്സം സൃഷ്ടിക്കുന്നു.

മറ്റ് രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ

മൊറോക്കോ, ടുണീഷ്യ, അൾജീരിയ, ജോർദാൻ, ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് മതസ്വാതന്ത്ര്യം പൂർണ്ണമായി ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നു. ക്രൈസ്തവർ, ബഹായികൾ, ചില മുസ്‌ലിം വിഭാഗങ്ങൾ എന്നിവരുൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ വിവിധ തരത്തിലുള്ള വിവേചനങ്ങളും നിയന്ത്രണങ്ങളും നേരിടുന്നത് തുടരുകയാണ്.

ഉസ്ബെക്കിസ്ഥാനിൽ മതപരമായ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള കർശനമായ നിയന്ത്രണങ്ങൾ ഭൂരിപക്ഷമുള്ള മുസ്‌ലിം വിഭാഗം ഉൾപ്പെടെ വിവിധ മതവിശ്വാസികളെ ബാധിക്കുന്നുണ്ട്. ഇത് അവരുടെ ആരാധനാ സ്വാതന്ത്ര്യത്തെയും മതപരമായ പ്രകടനങ്ങളെയും പരിമിതപ്പെടുത്തുന്നു.

ഇറാഖ്: പ്രത്യാശയുടെ പ്രതീകം

മുൻകാലങ്ങളിൽ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഇറാഖ്, ഇന്ന് പ്രത്യാശയുടെ ഒരു മാതൃകയാണ്. സമീപവർഷങ്ങളിൽ ക്രൈസ്തവരും മറ്റ് മതന്യൂനപക്ഷങ്ങളും കടുത്ത പീഡനങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും, അവിടുത്തെ ദേശീയ ഫുട്ബോൾ ടീം ഐക്യത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. അറബികൾ, കുർദുകൾ, ഷിയാക്കൾ, സുന്നികൾ തുടങ്ങിയ വിവിധ വംശീയ-മത വിഭാഗങ്ങളെ ഈ ടീം ഒന്നിപ്പിക്കുന്നു. രാജ്യത്തെ ജനസംഖ്യയുടെ 1%-ൽ താഴെ മാത്രമാണെങ്കിലും, ടീമിലെ നാല് കളിക്കാർ ക്രൈസ്തവരാണ് എന്നത് ശ്രദ്ധേയമാണ്.