സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്ന് എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു. വരാനിരിക്കുന്ന ബജറ്റ് അവതരണത്തിന് ശേഷം പുതിയ നയ രൂപീകരണത്തിനായുള്ള ചർച്ചകളിലേക്ക് കടക്കുമെന്നും കേരളത്തിന് പ്രയോജനപ്രദമായ രീതിയിലായിരിക്കും ഇത് നടപ്പിലാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയമല്ല തങ്ങളുടേതെന്നും, യു.ഡി.എഫ് മുന്നണി നേതൃത്വവുമായും കോൺഗ്രസ് നേതൃത്വവുമായും കൃത്യമായ കൂടിയാലോചനകൾ നടത്തിയായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി പറഞ്ഞു. ഈ മേഖലയിലെ വിവിധ സ്റ്റേക്ക് ഹോൾഡേഴ്സുമായും (കൂട്ടായ്മകൾ) ചർച്ച നടത്തും. നിലവിൽ എക്സൈസ് വകുപ്പിന് മുന്നിൽ നിരവധി പരിമിതികളുണ്ടെന്നും ഉദ്യോഗസ്ഥരുടെ എണ്ണം, വാഹനങ്ങളുടെ കുറവ്, ആധുനിക ലാബുകൾ, മോഡൽ ഓഫീസുകൾ എന്നിവയുടെ അഭാവം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര വകുപ്പിന്‍റെ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകൾക്ക് പിന്നാലെ എക്സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനാ പദ്ധതിയായ ‘ഓപ്പറേഷൻ തണ്ടർ’ ഔദ്യോഗിക പ്രഖ്യാപനം ജൂൺ 26-ന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സഹകരണ മേഖലയിൽ ‘ആശ്വാസ്’ പദ്ധതി:

സഹകരണ മേഖലയിലെ അംഗങ്ങൾക്ക് വലിയ രീതിയിൽ ആശ്വാസമേകുന്ന ‘ആശ്വാസ് പദ്ധതി’ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അടുത്ത മൂന്നുമാസത്തേക്ക് സഹകരണ ബാങ്കുകളുടെ ജപ്തി നടപടികളെല്ലാം പൂർണ്ണമായി ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ പദ്ധതി സഹകരണ സംഘങ്ങൾക്കും സാധാരണക്കാരായ സഹകാരികൾക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ. കൂടാതെ തകർച്ച നേരിടുന്ന സഹകരണ സംഘങ്ങളെ സാമ്പത്തികമായി ഉയർത്തിക്കൊണ്ടുവരാനുള്ള പ്രത്യേക നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.