ഇന്ത്യ സഖ്യത്തിന്റെ ജൂൺ 8-ന് നടന്ന നിർണായക യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ട് കോൺഗ്രസ്. കേന്ദ്ര സർക്കാരിനെതിരെയും തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും സഖ്യരാഷ്ട്രീയത്തെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

നിലവിലെ കേന്ദ്ര സർക്കാർ ദീർഘകാലം നിലനിൽക്കില്ലെന്ന് യോഗത്തിൽ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ഐക്യം തകർക്കാനും ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്താനും ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തുമെന്നും, എന്നാൽ ആ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകാൻ സഖ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സഖ്യകക്ഷികൾ കോൺഗ്രസിനെതിരെ ഉയർത്തുന്ന വിമർശനങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കാൻ താൻ തയ്യാറാണെന്നും, ഇന്ത്യ സഖ്യത്തെ ഒന്നിച്ചു നിർത്തുകയെന്നത് കോൺഗ്രസിന്റെ പ്രധാന ഉത്തരവാദിത്വമാണെന്നും രാഹുൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ വോട്ട് ചോർച്ചയും അട്ടിമറിയും നടന്നിട്ടുണ്ടെന്ന കാര്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ പല നേതാക്കൾക്കും ഇതുസംബന്ധിച്ച് വ്യത്യസ്ത തലത്തിലുള്ള സംശയങ്ങളാണുള്ളതെങ്കിലും, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഗുരുതരമായ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

സമാജവാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആർജെഡി തുടങ്ങിയ പാർട്ടികൾ പരമ്പരാഗത രാഷ്ട്രീയ ശൈലികൾ മാറ്റേണ്ട സമയമായെന്നും, ഭരണകൂട സംവിധാനങ്ങൾ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന നിലവിലെ സാഹചര്യങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി തുറന്നുപറഞ്ഞു. “മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാനോ ആലിംഗനം ചെയ്യാനോ എനിക്ക് കഴിയില്ല. അദ്ദേഹവുമായി വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്,” എന്നാണ് അദ്ദേഹം യോഗത്തിൽ പറഞ്ഞത്.

അതേസമയം, സംസ്ഥാനങ്ങളിലെ പ്രാദേശിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിക്കൊണ്ടായിരിക്കണം ഇന്ത്യ സഖ്യം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ആശയങ്ങളോട് കോൺഗ്രസ് അടിസ്ഥാനപരമായി വിയോജിക്കുന്നുവെന്നും, എന്ത് സാഹചര്യം വന്നാലും കോൺഗ്രസ് പ്രവർത്തകർ ആർഎസ്എസിന് മുന്നിൽ തലകുനിക്കില്ലെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ വ്യക്തമാക്കി.