കൊച്ചി: ഫിഫ ഫുട്ബോൾ ലോകകപ്പ് ആരംഭിച്ചതോടെ മത്സരങ്ങൾ എങ്ങനെ കാണാമെന്നാണ് എല്ലാവരും നോക്കുന്നത്. മത്സരങ്ങൾ ഔദ്യോഗികമായി സംപ്രേഷണം ചെയ്യുന്നത് സീ എൻ്റർടെയ്ൻമെൻ്റാണ്. ഒടിടി പ്ലാറ്റ്‌ഫോമിലും സാറ്റലൈറ്റ് ചാനലുകളിലും മത്സരങ്ങൾ തത്സമയം ആസ്വദിക്കാൻ കഴിയും. എന്നാൽ സൗജന്യമായി മത്സരങ്ങൾ കാണാമെന്ന പേരിൽ നിരവധി ലിങ്കുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത്തരം വ്യാജ ടിവി ആപ്പുകളിൽ കയറിയാൽ പണം നഷ്ടപ്പെടുമെന്നതാണ് യാഥാർഥ്യം.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ” FIFA World Cup ലൈവ് ഫ്രീ , “1000+ ടിവി ചാനലുകൾ സൗജന്യം”, “പ്രീമിയം OTT ഉള്ളടക്കം ഫ്രീ”, “പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും” തുടങ്ങിയ ആകർഷകമായ പരസ്യങ്ങളുടെ മറവിൽ, HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകൾ പോലെ തന്നെ തോന്നിക്കുന്ന വ്യാജ APK ഫയൽ ഡൗൺലോഡ് ലിങ്കുകളിലൂടെയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.

ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ “Update Required”, “Activate Subscription”, “Enable Service” തുടങ്ങിയ സന്ദേശങ്ങൾ സജീവമാക്കാൻ ആവശ്യപ്പെടുകയും ഇതിലൂടെ ഫോണിൻ്റെ Accessibility Service, Screen Overlay, Notification Access തുടങ്ങിയ എല്ലാ അനുമതികളും നേടി സുരക്ഷാ സംവിധാനങ്ങൾ ദുര്‍ബലപ്പെടുത്തപ്പെടുകയും, ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ അപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാർ പ്രവേശനം നേടുന്നു.