ഒമാന്‍ തീരത്ത് യുഎസ് സേന നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഎപി കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. മോദിയുടെ ഈ നന്ദിപ്രകടനം യഥാര്‍ത്ഥത്തില്‍ എന്തിനുവേണ്ടിയാണെന്ന് കെജ്രിവാള്‍ എക്‌സിലൂടെ ചോദിച്ചു.

ഇന്ത്യയുടെ പരമാധികാരവും അഭിമാനവും പൗരന്മാരുടെ ജീവിതവും പ്രധാനമന്ത്രി ട്രംപിന് മുന്നില്‍ അടിയറവ് വെച്ചിരിക്കുകയാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.

ട്രംപിന്റെ പോസ്റ്റും മോദിയുടെ നന്ദിയും

തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയെന്ന നേട്ടത്തിലെത്തിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് 4,397 ദിവസങ്ങള്‍ (12 വര്‍ഷവും 14 ദിവസവും) പൂര്‍ത്തിയാക്കിയ മോദി ശക്തനും മഹാനുമായ നേതാവാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇതിന് മറുപടിയായി, ഇരുരാജ്യങ്ങളും തമ്മിലുള്ള ആഗോള സുഹൃദ്ബന്ധം ചൂണ്ടിക്കാട്ടി മോദി ട്രംപിന് നന്ദി അറിയിക്കുകയായിരുന്നു.

‘ഇന്ത്യയ്ക്ക് സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കെല്‍പ്പുള്ള ശക്തനായ ഒരു പ്രധാനമന്ത്രിയെയാണ് ആവശ്യം. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ഇന്ത്യന്‍ ജനതയുടെ തലയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ അനുവദിക്കാനാകില്ല.’ – അരവിന്ദ് കെജ്രിവാള്‍

ഇറാന്‍ വിരുദ്ധ ഉപരോധ ലംഘനം ആരോപിച്ച് ഒമാന്‍ തീരത്ത് യുഎസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ സെറ്റബെല്ലോ എന്ന എണ്ണക്കപ്പലിലെ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിരുന്നു. കപ്പലിന്റെ എന്‍ജിന്‍ റൂമിലേക്ക് യുഎസ് സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഡെക്ക് കേഡറ്റ് ആദിത്യ ശര്‍മ്മ, എന്‍ജിന്‍ ഫിറ്റര്‍ ശിവാനന്ദ് ചൗരസ്യ, ചീഫ് എന്‍ജിന്‍ പട്‌നാല സുരേഷ് എന്നിവരാണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരില്‍ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഈ ദാരുണമായ സംഭവത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തിയത് രാജ്യ വ്യാപകമായി വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.