കൊച്ചി: മാധ്യമങ്ങൾക്ക് അഭിമുഖം നൽകി സംഘടനയെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നടി അൻസിബയ്ക്ക് താരസംഘടനയായ അമ്മ കാരണം കാണിക്കൽ നോട്ടീസ് നൽകി. 17-ാം തീയതിക്കകം മറുപടി നൽകണം. നിശ്ചിത സമയത്തിനകം മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും നോട്ടീസിൽ പറയുന്നു.
അൻസിബയുടെ പരസ്യപ്രസ്താവനകൾ സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കി. ആഭ്യന്തര പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാമായിരുന്നിട്ടും അതിന് ശ്രമിച്ചില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 14-ന് നടന്ന അമ്മയുടെ കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത ആഭ്യന്തര തർക്കങ്ങളാണ് സംഘടനയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലേക്ക് ഇപ്പോൾ വളർന്നിരിക്കുന്നത്.
വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമായിരുന്നു കുടുംബസംഗമത്തിന്റെ സ്പോൺസർ. എന്നാൽ ഒരു മതസ്ഥാപനം സംഘടനയുടെ പരിപാടി സ്പോൺസർ ചെയ്യുന്നതിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ ഹസൻ ഉൾപ്പെടെയുള്ളവർ ശക്തമായി എതിർത്തിരുന്നു. കുടുംബസംഗമത്തിന് തൊട്ടുപിന്നാലെ അൻസിബ സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.
വ്യക്തിപരമായ കാരണങ്ങളാലും ജോലിസംബന്ധമായ തിരക്കുകളാലുമാണ് അൻസിബ രാജി വെച്ചതെന്നായിരുന്നു അന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയത്. എന്നാൽ തന്റെ രാജിക്ക് കാരണം നടൻ ടിനി ടോം ആണെന്ന് അൻസിബ പിന്നീട് പരസ്യമായി വെളിപ്പെടുത്തി. ടിനി ടോം തന്നെ മതവാദി എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നും അൻസിബ പറഞ്ഞിരുന്നു.



