അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുറന്ന സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതായി സൂചന. ഏറ്റവും പുതിയ യുഎസ് ആക്രമണങ്ങൾക്ക് പിന്നാലെ ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകളും ലക്ഷ്യമിട്ടു. ഈ സംഭവങ്ങളെ തുടർന്ന്, ഹോർമുസ് കടലിടുക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രഖ്യാപിക്കുകയും ചെയ്തു.
കുവൈറ്റിലെ അലി അൽ-സലേം, അഹമ്മദ് അൽ-ജാബർ വ്യോമതാവളങ്ങൾക്കെതിരെ വ്യാഴാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഐആർജിസി അറിയിച്ചു. ബഹ്‌റൈനിലെ ഷെയ്ഖ് ഇസ വ്യോമതാവളവും ലക്ഷ്യമിട്ടിരുന്നു. ഇറാനുള്ളിലെ പുതിയ യുഎസ് സൈനിക ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടികളെന്നും 18 പ്രധാന യുഎസ് സൈനിക ആസ്തികൾ നശിപ്പിച്ചുവെന്നും സംഘടന അവകാശപ്പെടുന്നു. ഹോർമുസ് കടലിടുക്കിലൂടെ നിയമവിരുദ്ധമായി കടന്നുപോകാൻ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചതായും ഇറാൻ അവകാശവാദമുന്നയിച്ചു.
ഏപ്രിൽ മാസത്തെ വെടിനിർത്തൽ കരാർ അമേരിക്ക ലംഘിച്ചതായും ഇറാനെതിരെ യുഎസ് സൈന്യം ആക്രമണാത്മക നടപടികൾ തുടരുകയാണെന്നും ഇത് തിരിച്ചടിക്കാൻ തങ്ങളെ നിർബന്ധിതരാക്കുകയാണെന്നും ഇറാൻ പറയുന്നു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെയും സമുദ്ര ഗതാഗതത്തെയും ഇത് ബാധിക്കുമെന്ന് ഐആർജിസി വ്യക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



