ടിവികെ സർക്കാർ മൂന്ന് മാസം തികയ്ക്കുമോയെന്ന് ജനങ്ങൾക്ക് സംശയമുണ്ടെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ഡിഎംകെയിൽ ചേർന്ന മുൻ വിസികെ എംഎൽഎ പനയ്യൂർ ബാബുവിനെ സ്വാഗതം ചെയ്ത് സംസാരിക്കവേയാണ് സർക്കാരിനെതിരായ വിമർശനം ഡിഎംകെ ശക്തിപ്പെടുത്തുകയാണെന്ന സൂചന സ്റ്റാലിൻ നൽകിയത്.

ആറ് മാസത്തേക്ക് ടിവികെ സർക്കാരിനെ വിമർശിക്കേണ്ടെന്നായിരുന്നു ഡിഎംകെയുടെ തീരുമാനമെന്ന് സ്റ്റാലിൻ പറഞ്ഞു. പക്ഷേ, അത്രയും സമയം തികയും മുൻപുതന്നെ ചർച്ചചെയ്യേണ്ട പല വിഷയങ്ങളും വന്നു. അഞ്ചോ ആറോ മാസം പോയിട്ട് ഈ സർക്കാർ മൂന്ന് മാസം തികയ്ക്കുമോ എന്ന സംശയമാണ് ജനങ്ങൾക്ക് ഇപ്പോഴുള്ളതെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. ഡിഎംകെയുടെ ഔദാര്യംകൊണ്ടാണ് ടിവികെ ഭരണം നടത്തുന്നതെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു.

ഡിഎംകെയുടെ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാരുണ്ടാക്കിയത്. ടിവികെയെ പിന്തുണയ്ക്കുന്നതിനുമുൻപ് അവർ തന്നോട് കൂടിയാലോചന നടത്തിയിരുന്നു. സംസ്ഥാനം ഗവർണർ ഭരണത്തിലേക്കു നീങ്ങുന്നത് തടയാനാണ് അവർ പിന്തുണ നൽകിയതെന്നും, സർക്കാരിനെ താഴെയിറക്കാൻ ഡിഎംകെ പ്രവർത്തകർ പ്രതിജ്ഞയെടുക്കണമെന്നും സ്റ്റാലിൻ ആഹ്വാനം ചെയ്തു.

ഡിഎംകെയിൽ ചേർന്ന പനയൂർ ബാബുവിനെയും അനുയായികളെയും സ്റ്റാലിൻ സ്വാഗതം ചെയ്തു. എംഎൽഎ എന്ന നിലയിൽ ബാബുവിൻ്റെ പ്രവർത്തനം താൻ ശ്രദ്ധിച്ചിരുന്നെന്നും അത് പ്രശംസനീയമായിരുന്നെന്നും സ്റ്റാലിൻ വ്യക്തമാക്കി. മറ്റു പാർട്ടികളിൽനിന്നുള്ള പ്രവർത്തകർ ഡിഎംകെയിൽ ചേരുന്നത് രാഷ്ട്രീയ മാറ്റത്തിൻ്റെ തുടക്കമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.