2026 ഫിഫ ലോകകപ്പിനായി ഇറാൻ്റെ ഫുട്ബോൾ ടീം മെക്സിക്കോയിലെ ടിജുവാനയിൽ എത്തിച്ചേർന്നു. അമേരിക്കയുമായുള്ള വിസ വിവാദങ്ങൾ തുടരുന്നതിനിടെയാണ് ടീം തങ്ങളുടെ ബേസ് ക്യാമ്പിലെത്തിയത്. തുർക്കിയിൽ മൂന്നാഴ്ചത്തെ പരിശീലനത്തിന് ശേഷം കാലിഫോർണിയയിലെ സാൻ ഡീഗോയ്ക്ക് സമീപമുള്ള മെക്സിക്കൻ നഗരത്തിൽ ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ടീം വിമാനമിറങ്ങിയത്.

അമേരിക്ക ഇറാനുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, ഇറാൻ സംഘത്തിന് വിസ ലഭിക്കുന്ന കാര്യത്തിൽ നേരത്തെ മുതൽ അനിശ്ചിതത്വമുണ്ടായിരുന്നു. ഇതേത്തുടർന്ന് അവസാന നിമിഷമാണ് തങ്ങളുടെ ബേസ് ക്യാമ്പ് അരിസോണയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റാൻ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചത്.

ഇറാൻ ടീമിലെ എല്ലാ കളിക്കാർക്കും വെള്ളിയാഴ്ച തന്നെ അമേരിക്ക വിസ നൽകിയിരുന്നു. എന്നാൽ ടീമിൻ്റെ മാനേജർമാരും മറ്റ് അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളും അടങ്ങുന്ന 15 പേർക്ക് വിസ നിഷേധിച്ചുവെന്നാണ് തുർക്കിയിലെ ഇറാൻ എംബസി ആരോപിക്കുന്നത്. ഇതിൽ ഫെഡറേഷൻ തലവൻ മഹ്ദി താജും ഉൾപ്പെടുന്നുണ്ട്. സ്പോർട്സിലെ വലിയ രാഷ്ട്രീയ ഇടപെടലാണിതെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഇതിനെ വിശേഷിപ്പിച്ചു.

ഫിഫ നിയമങ്ങൾ ലംഘിക്കുന്ന അമേരിക്കക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ എംബസി തങ്ങളുടെ എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റിട്ടിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കേണ്ട കായികതാരങ്ങൾക്കും അത്യാവശ്യ ജീവനക്കാർക്കും വിസ നൽകിയിട്ടുണ്ടെന്നാണ് ഇതിനോട് അമേരിക്കൻ ഭരണകൂടം പ്രതികരിച്ചത്. എന്നാൽ ഭീകരവാദികളെ തങ്ങളുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ അനുവദിക്കില്ലെന്നും അമേരിക്കൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഗ്രൂപ്പ് ജി യിലാണ് ഇറാൻ മത്സരിക്കുന്നത്. തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം അമേരിക്കൻ വെസ്റ്റ് കോസ്റ്റിലാണ് നടക്കുക. എന്നാൽ ടീം മുഴുവൻ സമയവും മെക്സിക്കോയിലായിരിക്കും താമസിക്കുക. ലോസ് ഏഞ്ചൽസിൽ ജൂൺ 15-ന് ന്യൂസിലാൻഡിനെതിരെയും 21-ന് ബെൽജിയത്തിനെതിരെയുമാണ് ആദ്യ മത്സരങ്ങൾ. ജൂൺ 26-ന് സിയാറ്റിലിൽ വെച്ച് ഈജിപ്തിനെയും ഇറാൻ നേരിടും.

മത്സരം നടക്കുന്ന ദിവസങ്ങളിൽ മാത്രം രാവിലെ അമേരിക്കയിൽ പ്രവേശിക്കാനും അന്ന് തന്നെ തിരികെ പോകാനുമാണ് വിസ വ്യവസ്ഥകളിൽ പറയുന്നതെന്ന് മെക്സിക്കോയിലെ ഇറാൻ അംബാസഡർ അബോൽഫസൽ പസാൻഡിദെ വ്യക്തമാക്കി. എന്നാൽ, ടീമിന് മൾട്ടിപ്പിൾ എൻട്രി വിസയാണ് ലഭിച്ചിട്ടുള്ളതെന്നും മത്സരത്തിന് മുൻപ് തന്നെ അമേരിക്കയിലെത്തുമെന്നുമാണ് ടീം വക്താവ് അമീർ മഹ്ദി അലവി പറഞ്ഞത്.