ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ മയക്കുമരുന്ന് മാഫിയകളുടെയും ലഹരി ശൃംഖലകളുടെയും വേരറുക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുന്ന കേരള സർക്കാരിനെയും പോലീസിനെയും അഭിനന്ദിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഓപ്പറേഷന്റെ ഭാഗമായി കേരള പോലീസ് നടത്തുന്ന വ്യാപക പരിശോധനകളും അറസ്റ്റുകളും സമൂഹത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഭീഷണിക്കെതിരെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ കാണിച്ച ദൃഢതയ്ക്ക് മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഉണ്ണി മുകുന്ദൻ നന്ദി അറിയിച്ചു.
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ലഹരി സംഘങ്ങൾക്കെതിരായ നടപടിയെ പരാമർശിച്ചാണ് താരത്തിന്റെ പോസ്റ്റ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തുന്ന അറസ്റ്റുകൾ ഇത്തരം ലഹരിസംബന്ധമായ കുറ്റകൃത്യങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.



