നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ദിനംപ്രതി ശരീരത്തിലെത്തുന്നത് മാരകമായ വിഷമാണോ? മനുഷ്യന്റെ ദുരിതങ്ങൾക്ക് മേൽ പടുത്തുയർത്തിയ ലാഭക്കൊയ്ത്തിന്റെ ചോരക്കറ പുരണ്ട ചരിത്രം പതിറ്റാണ്ടുകളായി ഇന്ത്യൻ കൃഷിയിടങ്ങളിൽ തഴച്ചുവളരുകയാണ്. കാസർകോട് ജില്ലയിൽ എൻഡോസൾഫാൻ ആകാശത്തുനിന്ന് തളിച്ചതുമൂലം തലമുറകൾ ശാരീരിക വൈകല്യങ്ങൾക്കും മാനസിക വൈകല്യങ്ങൾക്കും ഇരയായത് ഇന്നും നമ്മുടെ മനസിൽ മായാതെ കിടക്കുന്ന മുറിവാണ്.
രാജസ്ഥാൻ നിയമസഭയിൽ അടുത്തിടെ സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ, രാജ്യത്തെ കൃഷിയിടങ്ങളിൽ തളിക്കുന്നത് ‘വൈറ്റ് കോളർ വിഷം’ എന്ന് വിശേഷിപ്പിക്കുന്ന മാരക പദാർത്ഥങ്ങളാണെന്ന വസ്തുത പുറത്തെത്തിച്ചിരിക്കുകയാണ്. ഇത് ഒരു സാധാരണ പ്രശ്നമല്ല. വെറും രണ്ടു വർഷത്തിനുള്ളിൽ രാജസ്ഥാനിൽ 535 കർഷകരുടെ ജീവനാണ് കീടനാശിനികൾ കവർന്നതെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
2017-ൽ മഹാരാഷ്ട്രയിലെ യവത്മാലിൽ 20-ലധികം പരുത്തി കർഷകർ വിളകളിൽ മാരകമായ കാർഷിക രാസവസ്തുക്കൾ തളിക്കുന്നതിനിടെ ഇതിന്റെ ഗന്ധം ശ്വസിച്ച് മരിച്ചിരുന്നു. നമ്മുടെ രാജ്യത്തിന് അന്നം നൽകുന്ന കർഷകരെ സംരക്ഷിക്കുന്നതിൽ നമ്മുടെ നിയന്ത്രണ സംവിധാനങ്ങൾ എത്രത്തോളം പരാജയപ്പെട്ടുവെന്നതിന്റെ കടുത്ത ഓർമ്മപ്പെടുത്തലായിരുന്നു ആ സംഭവം ഇന്നും നിലനിൽക്കുകയാണ്.



