അവിവാഹിതരായ രണ്ട് മുതിർന്നവർ തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധങ്ങൾ ഒരു വ്യക്തിയുടെ മോശം സ്വഭാവത്തിന്റെ തെളിവാകാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ക്രിമിനൽ കേസ് കാരണം പോലീസ് കോൺസ്റ്റബിളായി തിരഞ്ഞെടുക്കപ്പെടാത്ത ഉദ്യോഗാർത്ഥിയെ നിയമിക്കാൻ തെലങ്കാന സംസ്ഥാന പോലീസ് റിക്രൂട്ട്മെന്റ് ബോർഡിനോട് നിർദ്ദേശിക്കുമ്പോഴാണ് ബെഞ്ച് ഈ നിരീക്ഷണം നടത്തിത്. ജസ്റ്റിസുമാരായ മൻമോഹൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് കേട്ടത്.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഉദ്യോഗാർഥിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തുകയായിരുന്നു. പിന്നീട് കോടതിക്ക് പുറത്ത് ഈ വിഷയം ഒത്തുതീർപ്പാക്കി. എന്നാൽ, ആരോപണത്തിന്റെ വെളിച്ചത്തിൽ തെലങ്കാന സംസ്ഥാന പോലീസ് റിക്രൂട്ട്മെന്റ് ബോർഡ്, മോശം സ്വഭാവം ചൂണ്ടിക്കാട്ടി ഉദ്യോഗാർഥിയുടെ നിയമനം തടഞ്ഞു.
“സമ്മതത്തോടെ വിവാഹം കഴിക്കാത്ത രണ്ട് മുതിർന്നവർ തമ്മിലുള്ള ശാരീരിക ബന്ധങ്ങൾ മോശം സ്വഭാവത്തിന് കാരണമാകില്ല, പാടില്ല. പരസ്പരസമ്മതത്തോടെ വിവാഹം കഴിക്കാത്ത രണ്ട് മുതിർന്നവർ അവരുടെ ഇഷ്ടാനുസരണം ബന്ധം പുലർത്തുന്നത് വിലക്കുന്ന ഒരു നിയമവുമില്ല.”-ഈ കേസിൽ, സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.



