സംഘർഷബാധിതമായ ഹോർമുസ് കടലിടുക്കിൽ അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന് ഭീഷണിയായ രണ്ട് ഇറാനിയൻ ആക്രമണ ഡ്രോണുകൾ വെടിവച്ചിട്ടതായി അമേരിക്കൻ സൈന്യം അറിയിച്ചു. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുഎസ് സെൻട്രൽ കമാൻഡാണ് ശനിയാഴ്ച വൈകിട്ട് (പ്രാദേശിക സമയം) ഈ പ്രഖ്യാപനം നടത്തിയത്.
“ഇന്ന് പുലർച്ചെ, ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന് ഭീഷണിയായ രണ്ട് ഇറാനിയൻ വൺ-വേ ആക്രമണ ഡ്രോണുകൾ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേന വെടിവച്ചിട്ടു,” യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
ഇറാന്റെ ആക്രമണങ്ങൾക്കെതിരെ പ്രതിരോധം തുടരാൻ അമേരിക്കൻ സൈന്യം എപ്പോഴും സജ്ജമാണെന്നും പോസ്റ്റിൽ കൂട്ടിച്ചേർത്തു. കടലിടുക്കിന് നേരെ തൊടുത്ത നാല് ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായും ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും സെൻട്രൽ കമാൻഡ് അറിയിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.



