ട്രംപ് ഭരണകൂടത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുന്നേറ്റത്തിന് പിന്നിലെ ഏറ്റവും പ്രമുഖ വ്യക്തികളിൽ ഒരാളായ ഇന്ത്യൻ-അമേരിക്കൻ സാങ്കേതിക ഉപദേഷ്ടാവ് ശ്രീറാം കൃഷ്ണൻ വൈറ്റ് ഹൗസ് വിടുന്നു. കഴിഞ്ഞ 18 മാസമായി അമേരിക്കയുടെ എ.ഐ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ പങ്കാളിയായിരുന്ന അദ്ദേഹം ജൂൺ അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു.
ഭരണകൂടത്തിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ പരിഹരിക്കാനായി പ്രവർത്തനം തുടരുമെന്നും എക്സിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യൻ-അമേരിക്കൻ സംരംഭകനും നിക്ഷേപകനുമായ ശ്രീറാം കൃഷ്ണൻ വാഷിംഗ്ടണിലെ സാങ്കേതികവിദ്യ-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ്.
തന്റെ സേവന കാലത്തെ കുറിച്ച് ഓർത്തെടുത്ത ശ്രീറാം, ആഗോള എ.ഐ മത്സരത്തിൽ രാജ്യത്തിന് കൈവരിക്കാനായ മുന്നേറ്റത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി പറഞ്ഞു. “പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണ്. അദ്ദേഹത്തിന്റെ നേതൃത്വമില്ലായിരുന്നെങ്കിൽ എ.ഐ മത്സരത്തിൽ നമുക്ക് മുന്നിലെത്താൻ സാധിക്കില്ലായിരുന്നു,” അദ്ദേഹം പറഞ്ഞു.
‘അമേരിക്കൻ എഐ ആക്ഷൻ പ്ലാൻ’ രൂപീകരിക്കുന്നതിലും അത് പ്രസിദ്ധീകരിക്കുന്നതിലുമുള്ള തന്റെ പങ്ക് അദ്ദേഹം എടുത്ത് പറഞ്ഞു. കൂടാതെ, ആഗോളതലത്തിൽ യു.എസ് സാങ്കേതിക ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി എഐ ആക്സിലറേഷൻ പാർട്ണർഷിപ്പുകൾ രൂപകൽപ്പന ചെയ്യുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായുള്ള നാഷണൽ എഐ പോളിസി ഫ്രെയിംവർക്ക് എക്സിക്യൂട്ടീവ് ഓർഡറിൽ പ്രവർത്തിക്കുക, ഫ്രാൻസും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര ഫോറങ്ങളിലും ഉച്ചകോടികളിലും അമേരിക്കൻ എഐ താൽപര്യങ്ങളെ പ്രതിനിധീകരിക്കുക എന്നിവയും തന്റെ നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.



