കെപിസിസി അധ്യക്ഷ പദവിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് സണ്ണി ജോസഫ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. കെപിസിസി നേതൃയോഗത്തിലാണ് തൻ്റെ രാജി സന്നദ്ധത അദ്ദേഹം അറിയിച്ചത്. മന്ത്രി പദവി വഹിക്കുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷനെന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചത്. പുതിയ അധ്യക്ഷനെ അടിയന്തരമായി നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.കെപിസിസിയിൽ അടിമുടി പുനഃസംഘടനയ്ക്ക് സാധ്യത

സണ്ണി ജോസഫ് സ്ഥാനമൊഴിയുന്നതോടെ കെപിസിസിയിൽ വലിയ അഴിച്ചുപണിക്ക് സാധ്യതയേറുകയാണ്. പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹന്നാൻ, കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴയ്ക്കൻ തുടങ്ങിയ നേതാക്കളുടെ പേരുകൾ സജീവമായി ഉയർന്നു കേൾക്കുന്നുണ്ട്. കെപിസിസിയിൽ അടിമുടി പുനഃസംഘടനയാണ് എഐസിസി ലക്ഷ്യമിടുന്നത്. നിലവിലെ മുഴുവൻ ഭാരവാഹികളെയും മാറ്റി പുതിയൊരു നേതൃനിരയെ കൊണ്ടുവരാനാണ് എഐസിസി ആലോചിക്കുന്നത്.

പുനഃസംഘടന നടക്കുകയാണെങ്കിൽ വർക്കിങ് പ്രസിഡന്റുമാരായ എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ് എന്നിവർക്കും പകരക്കാർ വന്നേക്കും. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, മുൻ ആരോഗ്യമന്ത്രി വി എസ് സുനിൽ കുമാർ എന്നിവരുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അവസരം ലഭിക്കാതെ പോയ നേതാക്കളെ ഉൾപ്പെടുത്തി കെപിസിസിയെ കൂടുതൽ സജീവമാക്കാനാണ് പുതിയ നീക്കം.