കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾക്കും വിദഗ്ധരുമായുള്ള കൂടിയാലോചനകൾക്കും ശേഷം മാത്രമേ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കൂ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. വിഷയത്തിൽ അടിയന്തിരമായി തീരുമാനമെടുക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക. ”ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു എന്നത് സത്യമാണ്. എന്നാൽ, സർക്കാരിനുള്ളിലെ ചർച്ചകൾക്കും വിദഗ്ധരുമായുള്ള കൂടിയാലോചനകൾക്കും ശേഷം മാത്രമേ ഇതിൽ തീരുമാനമെടുക്കാൻ സാധിക്കൂ,” അദ്ദേഹം പറഞ്ഞു. കേന്ദ്രവുമായി കരാർ ഒപ്പിടുകയും പദ്ധതി പ്രകാരം ഫണ്ട് കൈപ്പറ്റുകയും ചെയ്ത മുൻ സർക്കാരിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സർക്കാരെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ പെട്ടെന്നൊരു തീരുമാനമെടുക്കാൻ യാതൊരുവിധ അടിയന്തിര സാഹചര്യവുമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഫണ്ടുകൾ അനുവദിക്കുമ്പോൾ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് മേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. ഫണ്ട് അനുവദിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് മേൽ നിബന്ധനകൾ വെക്കുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും അതാണ് ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐയുടെ എതിർപ്പിനെ തുടർന്ന്, കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ട് ദിവസങ്ങൾക്കകം, കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എൽ.ഡി.എഫ് സർക്കാർ പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചത്.
ഈ പദ്ധതി വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാൻ വഴിയൊരുക്കുമെന്നായിരുന്നു സി.പി.ഐ ആരോപിച്ചിരുന്നത്. എന്നാൽ കേന്ദ്ര സഹായം ഉറപ്പാക്കുന്നതിന് ഈ നീക്കം അനിവാര്യമാണെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാദം. പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതിനെ യു.ഡി.എഫും രൂക്ഷമായി വിമർശിച്ചിരുന്നു.
കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയും മന്ത്രിയുടെ സഹോദരിയുടെ ഭർത്താവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കുടുംബബന്ധം നോക്കിയല്ല, അദ്ദേഹത്തിന്റെ പൊതുപ്രവർത്തന രംഗത്തെ പരിചയം കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ ബെന്നി തോമസ് തന്റെ ചീഫ് ഇലക്ഷൻ ഏജന്റായി പ്രവർത്തിച്ചിരുന്നതായും ഡി.സി.സി പ്രസിഡന്റിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.



