വയനാട് കോളിയാടിയിലെ മാർ ബസേലിയസ് എയുപി സ്കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചു. സ്കൂളിലെ നൂറ്റമ്പതോളം വിദ്യാർത്ഥികൾ കഴിഞ്ഞ മൂന്നു ദിവസമായി പനിയും ഛർദ്ദിയും ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്. ശാരീരിക അസ്വസ്ഥതകൾ തുടർന്ന 38 കുട്ടികളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടിയെന്ന നിലയിൽ സ്കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്കൂളിലെ കുട്ടികളുടെ ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രത്യേക വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പുറമെ സ്കൂളിലെ ഒരു അധ്യാപികയ്ക്കും ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ വ്യക്തമാക്കി. ആശുപത്രി സന്ദർശിച്ച പഞ്ചായത്ത് അധികൃതർ കുട്ടികളുടെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു.
ജൂൺ ഒന്നു മുതൽ തന്നെ ചില കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയിരുന്നുവെങ്കിലും ശാരീരിക അസ്വസ്ഥതയുടെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കുട്ടികളുടെ അസുഖത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ആരോഗ്യ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.



