വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 (T20I) ക്രിക്കറ്റ് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീമിൻ്റെ പുതിയ ക്യാപ്റ്റനായി സെലക്ടർമാർ തിരഞ്ഞെടുത്തു. യുവബാറ്റർ തിലക് വർമ്മയാണ് പുതിയ വൈസ് ക്യാപ്റ്റൻ. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിലേക്ക് യുവതാരം വൈഭവ് സൂര്യവംശിക്കും ആദ്യമായി വിളിയെത്തിയിട്ടുണ്ട്. ഇതിനുപുറമെ, വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ പ്രമുഖ പേസർ ജസ്പ്രീത് ബുംറയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബുംറ ഏഷ്യൻ ഗെയിംസ് ടീമിലേക്ക്
ഏഷ്യൻ ഗെയിംസിനായി വളരെ ശക്തമായ ഒരു ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്, ഇതിന്റെ ഭാഗമായാണ് ജസ്പ്രീത് ബുംറയെ ടീമിലേക്ക് തിരഞ്ഞെടുത്തത്. ഏഷ്യൻ ഗെയിംസ് ടൂർണമെന്റിലും ശ്രേയസ് അയ്യർ തന്നെയാണ് ഇന്ത്യൻ ടീമിനെ നയിക്കുക.
സൂര്യകുമാർ യാദവിനെക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാമുള്ള കാരണം
“ശ്രേയസ് അയ്യരുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ ഫ്രാഞ്ചൈസികളെ അദ്ദേഹം നയിച്ച രീതി നമ്മൾ കണ്ടതാണ്. ഒരു ടീമിനെ അദ്ദേഹം കിരീടവിജയത്തിലേക്ക് വരെ നയിച്ചു, അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനങ്ങളും വളരെ മികച്ചതായിരുന്നു. ലോകകപ്പ് ടീമിന്റെ ഭാഗമാകുന്നതിന് വളരെ അടുത്തായിരുന്നു അദ്ദേഹം. എന്റെ അഭിപ്രായത്തിൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ താരം ശ്രേയസ് അയ്യർ തന്നെയാണ്,” എന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കി.
സൂര്യകുമാർ യാദവിന്റെ (SKY) കാര്യത്തിൽ തീരുമാനം എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോമും അതുപോലെ തന്നെ അടുത്ത രണ്ട് വർഷത്തെ ക്രിക്കറ്റ് സൈക്കിളും മുന്നിൽ കണ്ടുകൊണ്ടാണ് സെലക്ഷൻ കമ്മിറ്റി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ഈ സ്ഥാനത്തിന് ശ്രേയസ് അയ്യർ എല്ലാവിധത്തിലും അർഹനാണെന്നും അഗാർക്കർ കൂട്ടിച്ചേർത്തു.
തിലക് വർമ്മയെ വൈസ് ക്യാപ്റ്റനാക്കിയതിന് പിന്നിൽ
“ലോകകപ്പിലേക്ക് എത്തുന്നതിന് മുൻപ് ശുഭ്മൻ ഗില്ലായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റൻ. എന്നാൽ രണ്ട് വിക്കറ്റ് കീപ്പർമാരെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ അദ്ദേഹത്തിന് അവസരം നഷ്ടമായി. അക്സർ പട്ടേലും വൈസ് ക്യാപ്റ്റൻ സ്ഥാനത്തുണ്ടായിരുന്നു, എന്നാൽ അടുത്ത രണ്ട് വർഷത്തെ സൈക്കിളിന് ഏറ്റവും അനുയോജ്യമായത് എന്താണെന്നാണ് ഞങ്ങൾ ഇപ്പോൾ നോക്കുന്നത്. തിലക് വർമ്മ വളരെ മികച്ചൊരു കളിക്കാരനാണ്, ഈ പദവിയിലൂടെ അദ്ദേഹത്തിന് ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ പഠിക്കാൻ സാധിക്കും,” എന്ന് അഗാർക്കർ പറഞ്ഞു.
സഞ്ജു സാംസണിൻ്റ സാന്നിധ്യം
മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടി20 ടീമിൽ നിലനിർത്തിയിട്ടുണ്ട്. ഗില്ലിനെ ഒഴിവാക്കി രണ്ട് വിക്കറ്റ് കീപ്പർമാരെ ഉൾപ്പെടുത്താൻ സെലക്ടർമാർ തീരുമാനിച്ചതോടെയാണ് സഞ്ജുവിന് ടീമിൽ സ്ഥാനം ഉറപ്പായത്. മധ്യനിരയിൽ അതിവേഗം റൺസ് അടിച്ചുകൂട്ടാനുള്ള അദ്ദേഹത്തിന്റെ കഴിവും പരിചയസമ്പത്തും വരാനിരിക്കുന്ന കടുത്ത വിദേശ പര്യടനങ്ങളിൽ ഇന്ത്യക്ക് വലിയ കരുത്താകും എന്നാണ് വിലയിരുത്തപ്പെടുന്നത്.



